National
ഊട്ടി പുഷ്പ മഹോത്സവത്തിന് പ്രൗഢ തുടക്കം
പത്ത് ദിവസം നീണ്ടുനിൽക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും

ഗൂഡല്ലൂർ | 126ാമത് ഊട്ടി പുഷ്പമഹോത്സവത്തിന് സസ്യോദ്യാനത്തിൽ തുടക്കമായി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക.
കൂടാതെ രണ്ട് ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് ഒരുക്കിയ ആന, പക്ഷികൾ, മത്സ്യങ്ങൾ, വരയാടുകൾ, കാട്ടുപോത്ത് തുടങ്ങിയവയുടെ മാതൃകകളും മനംകവരുന്ന കാഴ്ചകളാണ്.
ബെംഗളൂരു, ഹൊസൂർ ഭാഗങ്ങളിൽ നിന്നാണ് അലങ്കാരത്തിനുള്ള കാർണീഷ്യം പൂക്കളുകൾ എത്തിച്ചിരിക്കുന്നത്.
സസ്യോദ്യാനത്തിലെ പച്ചപ്പുൽമൈതാനമാണ് മറ്റൊരു പ്രത്യേകത. പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 19ാമത് പനിനീർ പൂമേളയും ഊട്ടി വിജയനഗരം റോസ് ഗാർഡനിൽ ആരംഭിച്ചിട്ടുണ്ട്. ഒന്പത് ദിവസമാണ് ഈ മേള നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത്തവണ ഉദ്ഘാടനച്ചടങ്ങിന് മന്ത്രിമാർ ഉണ്ടായിരുന്നില്ല. പകരം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.