Kerala
വിഴിഞ്ഞം സംഘര്‍ഷം; കേസെടുത്തതിന് പിന്നാലെ അറസ്റ്റ് നടപടികളുമായി പോലീസ്
പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല
തിരുവനന്തപുരം | വിഴിഞ്ഞം സംഘര്‍ഷത്തില്‍ അന്‍പതിലധികം വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് നടപടികളുമായി പോലീസ്. വിഴിഞ്ഞം സ്വദേശി സെല്‍റ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് .ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ കേസില്‍ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പോലീസ് സ്വമേധയായും കേസെടുത്തു.
പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്‌തെന്ന് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.