Connect with us

From the print

അനുഗ്രഹങ്ങളിലേക്ക് കണ്ണ് തുറക്കുക

നാം കഴിക്കുന്ന ഒരുപിടി ഭക്ഷണത്തിന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ അല്ലാഹുവിന്റെ എണ്ണിത്തീര്‍ക്കാനാകാത്ത അനുഗ്രഹങ്ങളെപ്പറ്റി മനസ്സിലാകും.

Published

|

Last Updated

പൊറോട്ട നല്ലൊരു ഭക്ഷ്യ വിഭവമാണ്. ചിക്കന്‍, ബീഫ്, മത്സ്യം, മുട്ട, പച്ചക്കറി… കറികള്‍ ഏതുമാകട്ടെ കഴിക്കുന്നത് ചൂടുള്ള പൊറോട്ടയാണെങ്കില്‍ സംഗതി കേമമാകും. തവയില്‍ നിന്നെടുത്ത് അടിച്ച് പരുവപ്പെടുത്തിയ ചൂടു പൊറോട്ടയും കട്ടനും അടിപൊളി കോമ്പിനേഷനാണ്.

കൂടെ കഴിക്കുന്നവരോട് സാധനം അത്ര നല്ലതല്ലെന്ന് പറയുമ്പോഴും ഒരു പക്ഷേ, അദ്ദേഹത്തിന്റെ കൈകള്‍ പൊറോട്ട പിച്ചി മുറിക്കുന്ന തിരക്കിലായിരിക്കും. ഗുണമൊന്നുമില്ലെന്ന് സമ്മതിക്കുമ്പോഴും പൊറോട്ടയോടുള്ള ഇഷ്ടം കാരണം അത് കഴിക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയാത്തത് കൊണ്ടാണങ്ങനെ സംഭവിക്കുന്നത്.

നമ്മുടെ മുന്നില്‍ കഴിക്കാന്‍ പാകത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന പൊറോട്ടയുടെ പിന്നാമ്പുറത്തേക്ക് ചിന്തിച്ചിട്ടുണ്ടോ. കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന മൈദ കുഴച്ച് ഉരുട്ടി പരത്തി വീശി ചുരുട്ടി വെച്ച്, വീണ്ടും പരത്തി ചുട്ടെടുത്ത് അടിച്ചപ്പോഴാണ് അത് നാവില്‍ കൊതിയേറ്റുന്ന പൊറോട്ടയായത്.

നമ്മള്‍ മൈദ വാങ്ങിയ കടയുടമ മൊത്തക്കച്ചവടക്കാരില്‍ നിന്നാണത് വാങ്ങിയത്. അവരിലേക്ക് മറ്റൊരു വിപണിയില്‍ നിന്നാണ് മൈദ ലോഡ് വന്നത്. കന്‌പോളത്തിലിറങ്ങുന്നതിന് മുന്പത് മില്ലിലായിരുന്നു- ഗോഡൗണില്‍ ഉയരത്തില്‍ അടുക്കിയിട്ട ഗോതന്പ് ചാക്കുകളില്‍. ഗോതമ്പ് മില്ലിലെത്തുന്നതിന് മുമ്പ് പാടങ്ങളിലായിരുന്നു.

കര്‍ഷകര്‍ പാടശേഖരങ്ങളില്‍ വിത്തെറിഞ്ഞപ്പോഴാണ് ഗോതമ്പ് ചെടികള്‍ മുളച്ചത്. കൃഷിക്കാര്‍ ഗോതമ്പ് ചെടികളുടെ വളര്‍ച്ചക്ക് അനിയോജ്യമായത് ചെയ്തപ്പോഴാണ് അവ കതിരിട്ടത്. കൊയ്‌തെടുത്ത് മെതിച്ച് മണികള്‍ വേര്‍തിരിച്ച് ചാക്കിലാക്കി പാടശേഖരങ്ങളില്‍ നിന്ന് മില്ലുകളിലേക്ക് കയറ്റിപ്പോകുകയായിരുന്നു. പൊറോട്ടയുടെ പിന്നാമ്പുറത്തേക്കുള്ള യാത്ര ഇവിടെയും തീരുന്നില്ല. നമുക്കിവിടെ നിര്‍ത്താം.

ഇത്രയും സമയത്തിനിടക്ക് എത്രയത്ര ആളുകളാണിതില്‍ ഭാഗഭാക്കാകുന്നത്. നിരവധി പേരുടെ ജോലി, ശമ്പളം. എത്രയോ മുതലാളിമാരുടെ ആസ്തി, വരുമാന മാര്‍ഗം. ധാരാളം കുടുംബങ്ങളുടെ സുഖം, അഭിവൃദ്ധി. എന്തല്ലാം കഴിഞ്ഞു പോയി.

വിശുദ്ധ ഖുര്‍ആന്‍ തേനീച്ച എന്ന അധ്യായത്തിലെ 18ാം സൂക്തത്തില്‍ പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാകില്ല.

കര്‍ഷകര്‍ വിതച്ച വിത്തുകള്‍ നാന്‌പെടുത്തത് മുതല്‍ വിളവ് നല്‍കുംവരെ ഋതുഭേദങ്ങളുണ്ടായി. കാലാവസ്ഥകള്‍മാറി. അതൊന്നും കൃഷിയെ പ്രതികൂലമായി ബാധിച്ചില്ല. എല്ലാം ജഗന്നിയന്താവിന്റെ അപാരമായ അനുഗ്രഹങ്ങളാണ്. ഇവയെക്കുറിച്ച് നാം ചിന്തിക്കുകയും അവന്റെ മഹത്വം മനസ്സിലാക്കുകയും വേണം. അവന്‍ മാലോകര്‍ക്ക് ചെയ്ത് കൊടുക്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും വേണം.

നാം കഴിക്കുന്ന ഒരുപിടി ഭക്ഷണത്തിന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ അല്ലാഹുവിന്റെ എണ്ണിത്തീര്‍ക്കാനാകാത്ത അനുഗ്രഹങ്ങളെപ്പറ്റി മനസ്സിലാകും. കഴിക്കാന്‍ തുടങ്ങുന്‌പോള്‍ അവന്റെ നാം ഉരുവിട്ടുകൊണ്ട് തുടങ്ങുക (ബിസ്മി ചൊല്ലുക). അത് കഴിക്കുന്നതിലെ സമൃദ്ധിക്ക് കാരണമാകും. കഴിഞ്ഞാന്‍ അവന് സ്തുതികളര്‍പ്പിക്കുക (ഹംദ് ചൊല്ലുക). സുഭിക്ഷമായ ആഹാരത്തിന് വഴിയൊരുക്കുകയും അത് കഴിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്തതിനുള്ള നന്ദി പ്രകടനമാണത്.

 

Latest