Travelogue
മഹാസാത്വികരിലൂടെ മനംതുറന്ന്...
എഴുപതാം വയസ്സിൽ കണ്ണുകൾക്ക് അന്ധത ബാധിച്ചതിനു ശേഷമാണ് ഇമാം തിർമിദി മരണപ്പെടുന്നത്. ഇമാം ബുഖാരിയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ തുടങ്ങിയ അതി ശക്തമായ വിരഹ വേദനയിൽ നിലയ്ക്കാത്ത കണ്ണുനീരിനാൽ അവിടുത്തെ കാഴ്ച മങ്ങിയെന്നാണ് ചരിത്രം.
ഉസ്ബെക്കിസ്ഥാനെ പന്ത്രണ്ട് മേഖലകളായി തിരിച്ചിട്ടുണ്ട്. കൂട്ടത്തിലെ ബുഖാറ, താഷ്കെന്റ, സമർഖന്ദ്, ഫെർഗാന പോലുള്ളവ ലോക പ്രശസ്തമായ പ്രദേശങ്ങളാണ്. തിർമിദ് അടങ്ങുന്ന പ്രദേശം സർഹൻദറായോ എന്ന മേഖലയിലാണ്. ഹകീം അൽ തിർമിദിയുടെ മൗസോളിയം സന്ദർശനത്തിനു ശേഷം ഞങ്ങൾ ഷെറാബാദ് ജില്ലയിലേക്ക് തിരിച്ചു. അവിടെയാണ് തിരുനബി(സ)യുടെ ഹദീസുകൾക്ക് ഏറെ സേവനം ചെയ്ത ഇമാം അബൂ ഈസ തിർമിദിയുടെ അന്ത്യവിശ്രമകേന്ദ്രം. നഗരമധ്യത്തിൽ നിന്നും അമ്പതിലധികം കിലോമീറ്റർ യാത്ര ചെയ്തുവേണം അവിടെയെത്താൻ. പകലോൻ നല്ലപോലെ കത്തിയാളുന്നുണ്ട്. വാഹനത്തിനുള്ളിലെ ശീതളിമയിൽ പോലും അതിന്റെ കിരണങ്ങൾക്ക് ചൂട് നൽകാൻ കഴിയുന്ന ശക്തിയുണ്ട്. വിജനമായ പാത, എങ്ങും എവിടെയും വാഹനങ്ങളോ ആളുകളോ ഇല്ല. കാഴ്ചക്ക് വല്ലപ്പോഴും ദൂരെ കാണുന്ന ആട്ടിൻപറ്റങ്ങളോ കുതിരക്കൂട്ടങ്ങളോ മാത്രമുണ്ട്. ചെറു കുന്നുകൾ അടുക്കിവെച്ചത് പോലെയുള്ള പ്രദേശം. അതിലൊന്നും പച്ചപ്പ് പോലുമില്ല. പണ്ടെന്നോ കടൽ കയറി തിരയടിച്ചിറങ്ങിയത് പോലെ തോന്നിപ്പിക്കുന്നുണ്ട്. ഒരു മണിക്കൂറിനുള്ളിലെ യാത്രക്കൊടുവിൽ ഞങ്ങൾ ഷെറാബാദിലെത്തി. ഒരു വലിയ കമാനമാണ് ഞങ്ങളെ സ്വാഗതം ചെയ്യുന്നത്.
മുഴുവൻ നിർമാണത്തിനും ഇഷ്ടികയാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ മുകളിലായി സിമന്റ് ചാന്ത് കൊണ്ടുള്ള തേപ്പൊന്നുമില്ല. കമാനത്തിനു മുന്നോടിയായി തന്നെ വളരെ നീളത്തിൽ ഭംഗിയായി പൂന്തോട്ടം കൊണ്ടും അരിക് കെട്ടിവെച്ചും വഴി അലങ്കരിച്ചിട്ടുണ്ട്. കവാടം കഴിഞ്ഞാൽ വിശാലമായ ഒരു ചത്വരത്തിലേക്കാണ് എത്തുക. അതിനുള്ളിൽ ഒരു ഭാഗത്ത് മൗസോളിയവും അതിന്റെ പിറകിൽ മസ്ജിദുമാണുള്ളത്. ചത്വരത്തിൽ ഇടത് ഭാഗത്തായി പതിനഞ്ചോളം ആളുകൾക്ക് ഇരിക്കാനുള്ള എട്ട് കാലുകളുള്ള നല്ല മരത്തടിയാൽ നിർമിച്ച വലിയ മൂന്ന് വിശ്രമ കേന്ദ്രങ്ങളുണ്ട്. അതിലൊന്നിൽ ഞങ്ങൾ പോയി ഇരുന്നു. ഇമാമിന്റെ അരികിലേക്ക് സമീപിക്കുന്നതിന് മുന്നേ അൽപ്പ നേരം അവിടുത്തെ ജീവിതവും അപദാനങ്ങളും ചർച്ച ചെയ്യാമെന്ന് കരുതി. ഇരുന്നയുടൻ മൗസോളിയം പരിപാലകർ ഞങ്ങൾക്ക് ഷുർബ കൊണ്ടു തന്നു. സയ്യിദ് റഹ്്മതുല്ലാഹ് സൈഫുദീനോവും അലി അക്ബർ സൈഫുദീനോവും ഞങ്ങൾക്ക് വേണ്ടി ഇമാം തിർമിദിയുടെ കഥകൾ പറഞ്ഞുതുടങ്ങി.
“ഹിജ്‌റ വർഷം 209ൽ തിർമിദിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെ അഭ്യസിച്ചു. കുട്ടിക്കാലത്ത് തന്നെ ഹദീസുകളിലാണ് പ്രിയമേറിയതെന്നു മനസ്സിലാക്കി പഠനം അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുനബി (സ)യുടെ ഹദീസ് സമ്പാദനത്തിനു വേണ്ടി ഖുറാസാനിലും ഇറാഖിലും ഇസ്ഫഹാനിലും ഹിജാസിലുമായി ദൈർഘ്യമേറിയ യാത്രകൾ നടത്തി. ആ കാലത്ത് ഹദീസ് വിജ്ഞാന ശാഖ വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഇമാം ബുഖാരി, മുസ്്ലിമിനെ പോലുള്ള മഹാന്മാർ വിശ്രുതമായ കാലഘട്ടം. ഇമാം തിർമിദിയും ഈ പ്രദേശങ്ങളിലെ ഹദീസ് പണ്ഡിതന്മാരിൽ നിന്നും ലക്ഷക്കണക്കിന് ഹദീസുകൾ സ്വായത്തമാക്കി. അതിനു വേണ്ടി വർഷങ്ങൾ അവിടങ്ങളിൽ ചെലവഴിച്ചു. അതിനിടയിൽ ഇമാം മുസ്്ലിമിന്റെ ജന്മനാടായ നിഷാപൂരിൽ വെച്ച് ഇമാം തിർമിദി ബുഖാരി ഇമാമിനെ കണ്ടുമുട്ടി. അഞ്ച് വർഷം ഇമാം ബുഖാരിയിൽ നിന്നും തിർമിദി ഇമാം അറിവ് നുകർന്നു. ആ കൂടിക്കാഴ്ചയും സഹവാസവും ഹദീസ് വിജ്ഞാന ലോകത്ത് വലിയ സംഭാവനയാണ് നൽകിയത്. ഈ കാലത്തിന്റെ സ്വാധീനത്തിലാണ് ഹദീസുകളുടെ ആന്തരാർഥവും ജ്ഞാനവും തനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞതെന്ന് പിന്നീട് ഇമാം തിർമിദി പറയുന്നുണ്ട്. ഇമാം ബുഖാരി തന്റെ ശിഷ്യനെക്കുറിച്ച് വളരെ പ്രശംസിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുമായിരുന്നു. “താങ്കളുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് എനിക്ക് നിങ്ങളെക്കാൾ കൂടുതൽ പ്രയോജനം ലഭിച്ചു’. അത് ഇമാം തിർമിദിയുടെ വൈജ്ഞാനിക ആഴത്തെ അളന്ന ഒരു മഹാഗുരുവിന്റെ വാക്കാണ്. നാൽപ്പത് വയസ്സായപ്പോൾ യാത്ര നിർത്തി സ്വരാജ്യത്തേക്ക് മടങ്ങി. പിന്നീട് അധ്യാപനത്തിലും രചനയിലുമായി കാലം കഴിച്ചുകൂട്ടി. ഒപ്പം ഏകാന്തവാസവും ഉണ്ടായിരുന്നു. അതിനിടയിൽ ധാരാളം ആളുകൾ കാണാൻ വരുകയും സമ്മാനമായി വലിയ തുകകളും വസ്തുക്കളുമെല്ലാം ലഭിക്കുകയുമുണ്ടായി. അതൊക്കെ തന്നെയും ഉടൻ അർഹർക്ക് സംഭാവനയും ചെയ്യും. ജന്മനാട്ടിൽ പെട്ടെന്ന് തന്നെ ഇമാം തിർമിദിക്ക് സ്വീകാര്യത ലഭിച്ചു’.
സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്്ലിം കഴിഞ്ഞാൽ ഏറെ സ്വീകാര്യമായത് പിന്നെ ഇമാം തിർമിദിയുടെ സുനനു തിർമിദിയാണ്. നാലായിരത്തിലധികം ഹദീസുകളുടെ സമാഹാരമാണത്. ഇന്നും മുസ്്ലിം ലോകം വളരെ ആദരവോടെ ഇത് പാരായണം ചെയ്യുകയും കരിക്കുലങ്ങളിൽ ഉൾക്കൊള്ളിക്കുകയും ചെയ്യുന്ന ഒരു ഹദീസ് ഗ്രന്ഥമാണ്. മറ്റൊരു പ്രസിദ്ധ ഗ്രന്ഥം ശമാഇൽ മുഹമ്മദിയ്യയാണ്. തിരുനബി(സ)യുടെ ആകാര സൗഷ്ഠവവും ജീവിത ശൈലികളും ഗുണഗണങ്ങളും മാത്രം പറയുന്ന ഗ്രന്ഥമാണ്. മുസ്്ലിം അമുസ്്ലിം ഭേദമന്യേ പല ആളുകളും ശമാഇൽ മുഹമ്മദിയ്യ പാരായണം ചെയ്തു തിരുദൂതരിലേക്ക് അടുക്കാൻ കാരണമാകുന്ന ഒരു ഗ്രന്ഥമായി ലോകം ഇതിനെ മനസ്സിലാക്കുന്നുണ്ട്. ഏകദേശം അര മണിക്കൂറിലധികം നേരം ഞങ്ങൾ വിശ്രമ കേന്ദ്രത്തിൽ ചെലവഴിച്ചു. ശേഷം വളരെ ബഹുമാനത്തോടെയും ആദരവോടെയും ഞങ്ങൾ അകത്തേക്ക് നടന്നു. ഈയുള്ളവൻ സുനനു തിർമിദിയും ശമാഇൽ മുഹമ്മദിയ്യയും കുറച്ചു കാലം പഠനം നടത്തിയതാണ്. അതിലൂടെ എനിക്ക് ഇമാം തിർമിദി തിരുദൂതരിലേക്കുള്ള ഗുരുപരമ്പരയിലെ ഒരു പ്രധാന കണ്ണിയാണ്.
ആ ബഹുമാനവും ആദരവും പുലർത്തിയേ മതിയാകൂ. ഹകീം അസ്ഹരി ഉസ്താദിന്റെ നേതൃത്വത്തിൽ ഖുർആൻ പാരായണവും മറ്റു പ്രകീർത്തന കാവ്യാലാപനങ്ങളും നടന്നു. ശബ്ദം കുറച്ചു വളരെ താഴ്മയോടെയാണ് അദ്ദേഹം ദുആ ചെയ്തതും സംസാരിക്കുന്നതും. ജീവിതം മുഴുവൻ നബി തങ്ങളുടെ തിരു വാചകങ്ങൾക്ക്സേവനം ചെയ്ത വ്യക്തിയല്ലേ അവിടെ തിരുദൂതരുടെ സാന്നിധ്യവും ഏറെ ഉണ്ടാകാനിടയുണ്ടല്ലോ എന്നതാണ് കാര്യം. ആ സന്നിധിയിൽ വെച്ച് തന്നെ ഹകീം അസ്ഹരി ഉസ്താദ് ഞങ്ങൾക്ക് സുനനു തിർമിദിയുടെയും ശമാഇൽ മുഹമ്മദിയ്യയുടെയും പാരായണത്തിനുള്ള ഇജാസത്ത് നൽകി. ഗ്രന്ഥകാരന്റെ സാന്നിധ്യത്തിൽ വെച്ച് അദ്ദേഹത്തിന്റെ ഗ്രന്ഥ പാരായണത്തിനുള്ള സമ്മതം ലഭിക്കാനായതിൽ അങ്ങേയറ്റം സന്തോഷം തോന്നി. ഖബറിന്റെ മറ്റൊരു ഭാഗത്ത് ഇമാം തിർമിദിയുടെ ഖാൻഗാഹും ഉണ്ട്. കുറച്ച് കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങുമ്പോഴേക്ക് ഒരുപാട് തദ്ദേശീയർ ഞങ്ങളെയും കാത്ത് നിൽപ്പുണ്ടായിരുന്നു. അവരെല്ലാവരും നമ്മുടെ കരങ്ങൾ പുണർന്നു. കൂടെ നിന്ന് ചിത്രം പകർത്തി. നല്ല പ്രായമുള്ളവരും ചെറുപ്പക്കാരുമുണ്ട് കൂട്ടത്തിൽ. അപ്പോഴേക്കും പ്രാദേശിക ചാനലുകാരും പത്രക്കാരും ഹകീം അസ്ഹരി ഉസ്താദിൽ നിന്നും സന്ദർശനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനും അഭിപ്രായം കേൾക്കാനും എത്തുകയുണ്ടായി.
ഞാൻ പതുക്കെ മൗസോളിയത്തിന്റെ ഒരു ഭാഗത്തായി പോയി ഇരുന്നു ആ കെട്ടിടവും പ്രദേശവും ആകെ വീക്ഷിച്ചു. ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞത് പോലെ ഒരു വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. പേടിയും ഉത്കണ്ഠയും ബാധിച്ചത് പോലെ, എന്തെന്നില്ലാത്ത ആധി പിടികൂടിയിട്ടുണ്ട്. ആദരവുകളോടെയായിരുന്നോ ഇത്തരം പണ്ഡിതരുടെ നാമവും അവരുടെ ഗ്രന്ഥങ്ങളും ഞാൻ ഉപയോഗിച്ചിരുന്നത് എന്നതിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. തന്റെ എഴുപതാം വയസ്സിൽ കണ്ണുകൾക്ക് അന്ധത ബാധിച്ചതിനു ശേഷമാണ് ഇമാം തിർമിദി മരണപ്പെടുന്നത്. ഇമാം ബുഖാരിയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ തുടങ്ങിയ അതി ശക്തമായ വിരഹ വേദനയിൽ നിലയ്ക്കാത്ത കണ്ണുനീരിനാൽ അവിടുത്തെ കാഴ്ച മങ്ങിയെന്നാണ് ചരിത്രം. ഇത് കൂടെ അറിഞ്ഞവിടെയിരുന്നപ്പോൾ ഹൃദയമിടിപ്പ് അതിശക്തമായി വർധിച്ചു. ഇങ്ങനെ അച്ചടക്കവും ആദരവുകളും അർപ്പിച്ച മഹാസാത്വികരിലൂടെയായിരുന്നല്ലോ ലാഘവത്തോടെ ഖനം തൂങ്ങിയ ഹൃദയത്തോടെ നടന്നത് എന്നതിൽ മിടിക്കുകയായിരുന്നു എന്റെ ഹൃത്തടം!.