Connect with us

Kerala

ഓപ്പറേഷന്‍ ആഗ്; തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീടുകളില്‍ പോലീസ് റെയ്ഡ്

സിറ്റി പോലീസ് കമ്മീഷണറുടെയും റൂറല്‍ എസ്പിയുടെയും നിര്‍ദേശപ്രകാരമാണ് റെയ്ഡ്.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകിയതിന് പിറകെ നടപടി ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി ഗുണ്ടകളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ടിരിക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട് കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.സിറ്റി പോലീസ് കമ്മീഷണറുടെയും റൂറല്‍ എസ്പിയുടെയും നിര്‍ദേശപ്രകാരമാണ് റെയ്ഡ്.

കരമനയില്‍ ഈ മാസം 10ന് യുവാവിനെ ഗുണ്ടകള്‍ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. മരുതൂര്‍കടവ് പഞ്ചിപ്ലാവിള വീട്ടില്‍ അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ എട്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു കൊലപാതകത്തില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് ഈ കൊലപാതകം നടത്തിയിരുന്നത്.

ഗുണ്ടാ വിളയാട്ടം അതിരുവിട്ടതോടെ വിവിധകോണുകളില്‍ നിന്നും പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥിരം കുറ്റവാളികളുടെയും വലിയ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയവരുടെയും വീടുകള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതേ സമയം, ഓപ്പറേഷന്‍ ആഗ് സംസ്ഥാനം മുഴുവനായി വ്യാപിപിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.