National
ഓപ്പറേഷൻ ചക്ര; സെെബർ കുറ്റകൃത്യങ്ങൾക്ക് എതിരെ രാജ്യവ്യാപക റെഡ് നടത്തി സി ബി ഐ
രാജ്യത്തെ 105 സ്ഥലങ്ങളിൽ സിബിഐയും സംസ്ഥാന പോലീസും ചേർന്ന് റെയ്ഡ് നടത്തി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡുകളിൽ ഒന്നാണിത്.

ന്യൂഡൽഹി | സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ രാജ്യവ്യാപക റെയഡുമായി സി ബി ഐ. ഓപ്പറേഷൻ ചക്ര എന്ന പേരിൽ ചൊവ്വാഴ്ചയാണ് രാജ്യത്തെ 105 സ്ഥലങ്ങളിൽ സിബിഐയും സംസ്ഥാന പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്. 87 ഇടങ്ങളിൽ സി.ബി.ഐയും 27 ഇടങ്ങളിൽ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസും റെയ്ഡിന് നേതൃത്വം നൽകി. ആൻഡമാൻ നിക്കോബാറിലെ 4 സ്ഥലങ്ങളിലും, ഡൽഹിയിൽ 5, ചണ്ഡീഗഢിൽ 3, അസം, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം സ്ഥലങ്ങളിലും പോലീസ് റെയ്ഡിന് നേതൃത്വം നൽകി.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡുകളിൽ ഒന്നാണിത്. ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവയിൽ നിന്ന് സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇൻപുട്ടുകൾ സിബിഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയ്ഡിൽ രാജസ്ഥാനിലെ ഒരു സ്ഥാപനത്തിൽ നിന്ന് 1.5 കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ കണ്ടെടുത്തതായാണ് വിവരം. ഡിജിറ്റൽ തെളിവുകളും സംഘത്തിന് ലഭിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തിൽ തട്ടിപ്പിൽ ഉൾപ്പെട്ട 2 കോൾ സെന്ററുകൾ പിടികിട്ടി. പൂനെയിലും അഹമ്മദാബാദിലുമാണ് വ്യാജ കോൾ സെന്റർ കണ്ടെത്തിയത്.
സെപ്തംബർ 24-ന് കുട്ടികളുടെ ലൈംഗിക അശ്ലീലചിത്ര കേസിൽ സിബിഐ ഓപ്പറേഷൻ മേഘചക്ര എന്ന പേരിൽ റെയ്ഡിന് തുടക്കമിട്ടിരുന്നു. ഇതിന് കീഴിൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 26 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സിംഗപ്പൂരിൽ നിന്ന് ഇന്റർപോൾ വഴി സിബിഐക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.