Kerala
ഓപ്പറേഷന്‍ ഡി-ഹണ്ട്: മയക്കുമരുന്നിനെതിരായ സ്‌പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റിലായി
വിവിധതരം നിരോധിത മയക്കുമരുന്നുകള്‍ കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം | മയക്കുമരുന്നു വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എം ഡി എം എ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുത്തു.
വിവിധതരം നിരോധിത മയക്കുമരുന്നുകള്‍ കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 2,994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരം നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരുംദിവസങ്ങളിലും തുടരും.
ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എ ഡി ജി പിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ ഡി പി എസ് കോ ഓഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പരിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ ഡി പി എസ് കോ ഓഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.