Connect with us

National

ഓപ്പറേഷന്‍ ഗംഗ: 1396 പേരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം

യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി

Published

|

Last Updated

ന്യൂഡല്‍ഹി | യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയില്‍ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി
വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. യുക്രൈനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാണെന്നും അദ്ദേഹം വ്യ്ക്തമാക്കി.

പോളണ്ട് അതിര്‍ത്തി വഴി ബസ് സര്‍വീസ് തുടങ്ങി.  ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. മോള്‍ഡോവയില്‍ നിന്ന് ആളുകളെ റൊമാനിയയില്‍ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും ബാഗ്ചി പറഞ്ഞു. ആളുകള്‍ നേരിട്ട് അതിര്‍ത്തിയിലേക്ക് എത്തരുത്. അതിര്‍ത്തിയില്‍ തിരക്കുണ്ട്. സമീപമുള്ള നഗരങ്ങളില്‍ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം അതിര്‍ത്തിയിലേക്ക് നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിര്‍ദേശിച്ചു.

ഇതിനിടെ യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെയാണ് അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ ഗംഗാ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ മൂവായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈന്റെ അതിര്‍ത്തി കടന്നത്. യുക്രൈന്റെ എല്ലാ അതിര്‍ത്തികളിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest