indian evacuation in ukraine
ഓപ്പറേഷന്‍ ഗംഗ: ഇന്ന് 600 പേരെ നാട്ടിലെത്തിക്കും
സുമിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതില്‍ ഇനിയും പദ്ധതിയായില്ല
കീവ് | പോരാട്ടം രൂക്ഷമായ യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രക്ഷപ്പെടുത്തി 600 പേരെ ഇന്ന് മൂന്ന് വിമാനങ്ങളിലായി നാട്ടിലെത്തിക്കും. സുസേവയില്‍ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റില്‍ നിന്ന് ഒരു വിമാനവുമാണ് എത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുമിയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇനിയുമായിട്ടില്ല. റഷ്യ നടത്തിയ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ബസില്‍ കയറിയിരുന്നു. എന്നാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ റഷ്യയും യുക്രൈന്‍ അധികൃതരും തമ്മില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. സാധാരണക്കാരുടെ ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം യുക്രൈന്‍ തള്ളി. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം ദുരുദ്ദേശപരമാണെന്നാണ് സെലന്‍സ്‌കി പറയുന്നത്. ആക്രമണം തുടരുന്ന ഖാര്‍ഖിവ്, കീവ്, മരിയുപോള്‍ തുടങ്ങിയ നഗരങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. കിയവിലെ മകരീവ് പട്ടണത്തില്‍ ബേക്കറിക്ക് നേരെ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ഖാര്‍കീവില്‍ മാത്രം തിങ്കളാഴ്ച 209 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.