Connect with us

National

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യ

500 ഓളം ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ വൈകാതെ എത്തിച്ചേരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

Published

|

Last Updated

ഖാര്‍ത്തൂം | സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായുള്ള ഓപ്പറേഷന്‍ കാവേരി പദ്ധതിക്ക് തുടക്കം. 500 ഓളം ഇന്ത്യക്കാര്‍ സുഡാന്‍ തുറമുഖത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ വൈകാതെ എത്തിച്ചേരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

സുഡാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനായി എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സുഡാനിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി കുടിയൊഴിപ്പിക്കാന്‍ സുഡാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായും അമേരിക്ക, സഊദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ ജിദ്ദയില്‍ എത്തിയതായും വിദശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം സുഡാനില്‍ 2800 ഓളം ഇന്ത്യന്‍ പൗരന്മാരുണ്ട്. 150 വര്‍ഷത്തോളമായി സുഡാനില്‍ സ്ഥിരതാമസക്കാരായ 1200ഓളം വരുന്ന ഇന്ത്യന്‍ സമൂഹം ഇതിനു പുറമെയുണ്ട്.

അതിനിടെ, അഞ്ച് ഇന്ത്യക്കാരെ ഫ്രഞ്ച് വ്യോമസേനയുടെ വിമാനത്തില്‍ ജിബൂട്ടിയിലുള്ള ഫ്രാന്‍സ് സൈനിക താവളത്തിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതര രാജ്യക്കാരായ 28 പേര്‍ക്കൊപ്പമാണ് ഇവരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വെളിപ്പെടുത്തി.

 

Latest