Connect with us

Kerala

ഓപറേഷൻ ലൈഫ്; നൂറിലേറെ സ്ഥാപനങ്ങൾ അടപ്പിച്ചു; 3,044 പരിശോധന

പരിശോധനയിൽ 1,820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഓപറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ കടുത്ത നടപടിയുമായി സർക്കാർ. നിയമം പാലിക്കാതെ പ്രവർത്തിച്ച 107 സ്ഥാപനങ്ങൾ അടപ്പിച്ചു. മൺസൂൺ സീസണിൽ ഇതുവരെ നടത്തിയത് 3,044 പരിശോധനകളാണ്.
നിയമ ലംഘനം നടത്തിയ 865 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജൂലൈ 31 വരെ മൺസൂൺ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൺസൂണിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.

പരിശോധനയിൽ 1,820 സർവൈലൻസ് സാമ്പിളുകളും 257 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധന. സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിച്ചു.
ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ നിർദേശം നൽകി. ശുദ്ധജലംകൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

അതിർത്തി ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ, ലേല കേന്ദ്രങ്ങൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. മത്സ്യം, മാംസം, പാൽ, പലവ്യഞ്ജനം, പച്ചക്കറികൾ, ഷവർമ എന്നിവ പ്രത്യേകമായി പരിശോധിക്കുന്നു. എല്ലാ സർക്കിളുകളിലെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകളിൽ പങ്കെടുക്കുന്നുണ്ട്.
മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സേവനവും ലഭ്യമാക്കി.

ഓപറേഷന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി പിഴ ഈടാക്കി. കഴിഞ്ഞ മെയിൽ മാത്രം 25.77 ലക്ഷമാണ് പിഴയായി ഈടാക്കിയത്. സമഗ്ര പരിശോധനകൾ നടത്തുന്നതിന് രൂപവത്കരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ 448 സ്ഥാപനങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശോധനകൾ നടത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരും.

വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപറേഷനുകളെല്ലാം ഓപറേഷൻ ലൈഫ് എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

Latest