Kerala
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം; സോഷ്യല്‍ ഓഡിറ്റിംഗിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനാണ് സോഷ്യല്‍ ഓഡിറ്റിംഗ് സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട | സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനാണ് സോഷ്യല്‍ ഓഡിറ്റിംഗ് സംഘടിപ്പിക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത്, നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ സേവന ഗുണനിലവാരം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ക്രോഡീകരിക്കുന്ന സാമൂഹിക വിശകലന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്. രാജ്യത്തുതന്നെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ കാല്‍വെപ്പാകുന്നതാണ് ഈ പദ്ധതി.
എം ജി എന്‍ ആര്‍ ഇ ജി എയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.