Kuwait
കുവൈത്തിൽ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ ഇടങ്ങളിലേക്ക്
ജനുവരി 11 മുതൽ എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ല.
കുവൈത്ത് സിറ്റി | കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് പാസ്സ്പോർട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം ജനുവരി 11 മുതൽ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റും. ഷർഖിലെ കേന്ദ്രം ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ജവാഹറ ടവറിലെ മൂന്നാം നിലയിലേക്കും ജിലീബ് അൽ ശുയൂഖിലേത് ജിലീബിലെ ഒലീവ് സൂപർ മാർക്കറ്റ് കെട്ടിടത്തിലേക്കും ഫഹാഹീലേത് മക്ക സ്ട്രീറ്റിലെ അൽ അനൂദ് ഷോപ്പിംഗ് കോംപ്ലക്സിലെ മെസ്സാനൈൻ ഫ്ലോറിലേക്കുമാണ് മാറ്റിയത്. പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ : രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് 4 മുതൽ 8 മണി വരെയും. വെള്ളി :വൈകീട്ട് 4 മണി മുതൽ രാത്രി 8 മണി വരെ.
പാസ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള മറ്റ് കൗൺസിലർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ജനുവരി 11ന് രാവിലെ എട്ട് മുതൽ പുതിയ കെട്ടിടത്തിൽ വെച്ചായിരിക്കും സ്വീകരിക്കുക. ജനുവരി 11 മുതൽ എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എന്നാൽ മരണവുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു അടിയന്തര സേവനങ്ങളും എംബസി പരിസരത്ത് സാധാരണ ജോലി സമയത്തും ഓഫീസ് സമയത്തിന് ശേഷവും തുടരുമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.