Connect with us

Kerala

ഓപ്പറേഷന്‍ ഷവര്‍മ്മ; ആരോഗ്യ വകുപ്പ് 36 ലക്ഷം പിഴയീടാക്കിയതായി മന്ത്രി

2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 8,224 സ്ഥാപനങ്ങളിലായി പരിശോധന നടത്തി.

Published

|

Last Updated

തിരുവനന്തപുരം  |  ഓപ്പറേഷന്‍ ഷവര്‍മ്മയുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകടമായി നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 36 ലക്ഷം രൂപ പിഴയീടാക്കി. ഓപ്പറേഷന്‍ ഷവര്‍മ്മയിലൂടെ 36,42,500 രൂപ പിഴ ഈടാക്കിയതായി സര്‍ക്കാര്‍ നിയമസഭയിലാണ് വ്യക്തമാക്കിയത്.2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 8,224 സ്ഥാപനങ്ങളിലായി പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതല്‍ 6,689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി സഭയില്‍ അറിയിച്ചു. 317 സ്ഥാപനങ്ങള്‍ കുറ്റക്കാരെന്ന് പരിശോധനയില്‍ കണ്ടെത്തി പൂട്ടിച്ചു. കൂടാതെ 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യം കൂടിയതോടെ ഷവര്‍മ്മയുടെ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പുറത്തിറക്കിയത് എഫ് എസ് എസ് എ ആക്ട് പ്രകാരമുളള അടിയന്തര പ്രധാന്യത്തോടു കൂടിയാണ്. പച്ചമുട്ട ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന മയോണൈസ് സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ അപകട സാധ്യത കൂടാനിടയാവുമെന്ന് കണ്ടെത്തി. മയോണൈസ് ഒഴിവാക്കുന്നതിനായി റെസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ്, ഹോട്ടല്‍, എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. തുടര്‍ന്നാണ് മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

Latest