Kerala
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
ഒരു മാസത്തിനുശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഇടുക്കി| തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു മാസത്തിനുശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എസിയുടെ തകരാര്‍ പരിഹരിക്കല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികളുടെ റീപ്ലേസ്‌മെന്റ് എന്നിവ സമയബന്ധിതമായി നടക്കാത്തതോടെയാണ് ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാക്കിയത്. അറ്റകുറ്റ പണികള്‍ക്കായി 1,81000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ അധികൃതര്‍ ഗൗരവമായി ഇടപെട്ടു. പിന്നാലെ ട്രയല്‍ റണ്‍ നടത്തി സുരക്ഷാ പരിശോധനകള്‍ക്കുശേഷം ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തിയതല്ലാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പേരിന് മാത്രമാണ്. പുതിയ കെട്ടിടത്തിന് എന്‍ ഒ സിയോ കെട്ടിട നമ്പറോ ഇല്ല. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകള്‍ ഇടക്കിടെ പണി മുടക്കും. വാര്‍ഡിലാണ് ഒ പിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ആശുപത്രിയില്‍ അവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. ഈ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്തിന്റ് പ്രസിഡന്റ് ചെയര്‍മാനായുള്ള ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പ് നല്‍കി.