Connect with us

Kerala

ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനതല പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

കണ്ടെത്തിയ ക്രമക്കേടുകളെ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുന്നതാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അറിയിച്ചു

Published

|

Last Updated

പത്തനംതിട്ട |  ‘ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്’ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കാണപ്പെട്ട ഏജന്റിന്റെ കൈവശത്തു നിന്നും 11,900 രൂപയും, കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തു നിന്നും 6,000 രൂപയും, പാലക്കാട് ജില്ലയിലെ ഗോപാലപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്നും 3,950 രൂപയും പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക് പോസ്റ്റില്‍ ഓഫീസിനകത്തു കാണപ്പെട്ട ഫ്ലക്സ് ബോര്‍ഡിനടിയില്‍ നിന്നും 4,700 രൂപയും, മേശപ്പുറത്തു നിന്നും 1,600 രൂപയും വിജിലന്‍സ് പിടികൂടി.

പാലക്കാട് ജില്ലയിലെ വാളയാര്‍-ഇന്‍ ചെക്ക് പോസ്റ്റില്‍ നിന്നും പരിശോധന കഴിഞ്ഞു കടന്നു വന്ന മൂന്നു വാഹനങ്ങള്‍ വിജിലന്‍സ് പിടികൂടി അമിത ഭാരം കയറ്റിയതിനു 85,500 രൂപ പിഴ ഈടാക്കി. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, പാലക്കാട് ജില്ലയിലെ വാളയാര്‍- ഔട്ട് എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടാതെ വാഹനങ്ങളെ കടത്തി വിടുന്നതായും, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ കാണേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടറെ ഹാജരില്ലാത്തതും വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയസമയം ഓഫീസ് അടച്ചിട്ട് ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആറ്റുപുറം എക്സൈസ് ചെക്ക് പോസ്റ്റിലും, പുവാര്‍ എക്സൈസ് ചെക്ക് പോസ്റ്റിലും, മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, മണ്ടപത്തിന്‍ക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, നെയ്യാറ്റിന്‍കര അറക്കുന്ന് കടവ് എക്സൈസ് ചെക്ക് പോസ്റ്റിലും, അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലും, പിരായുംമൂട് എക്സൈസ് ചെക്ക് പോസ്റ്റിലും, വയനാട് തോല്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റുകളിലും, പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി വിജിലന്‍സ് കണ്ടെത്തി.

നെയ്യാറ്റിന്‍കര അറക്കുന്ന് കടവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും, പിരായുംമൂട് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി സമയം ഒരു എക്സൈസ് ഉദ്യോഗസ്ഥനും, പെരുംപഴുതൂര്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി സമയം രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും ഉറങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം എക്സൈസ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥനും, പിരായുമ്മൂട് എക്സൈസ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും, മണ്ടപത്തിന്‍കടവ് ചെക്ക് പോസ്റ്റില്‍ ഒരു ഉദ്യോഗസ്ഥനും കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരും, മലപ്പുറം ജില്ലയിലെ വഴിക്കടവ് ചെക്ക് പോസ്റ്റില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയം ചെക്ക് പോസ്റ്റില്‍ ഹാജരില്ലാത്തതായി വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ പിരായുംമൂട് ചെക്ക് പോസ്റ്റില്‍ ഒരു ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഗൂഗിള്‍ പേ വഴി 29,250 രൂപ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമായതിനെപ്പറ്റി ചോദിച്ചതില്‍ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ലാത്തതാകുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയ സമയം നെയ്യാര്‍ഡാം ചെക്ക് പോസ്റ്റ് അടച്ചിട്ട നിലയില്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതായി കാണപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിവിധ അതിര്‍ത്തി കന്നുകാലി പരിശോധന ചെക്ക് പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ കുമിളി, ബോഡിമേട്ട്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നീ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി വിജിലന്‍സ് കണ്ടെത്തി. പാറശ്ശാലയില്‍ വിജിലന്‍സ് വന്ന സമയം പരിശോധന കൂടാതെ കോഴികളുമായി കടന്നുവന്ന വാഹനം തിരിച്ച് ചെക്ക്പോസ്റ്റിലെത്തിച്ച് ഫീസ് അടപ്പിച്ച ശേഷം കടത്തി വിട്ടിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ കുമിളി, ബോഡിമേട്ട്, എന്നീ കന്നുകാലി ചെക്ക്പോസ്റ്റുകളില്‍ ടി ആര്‍ -5 രസീത് നല്‍കാതെ തുക ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ കമ്പംമേട്ട് നിന്നും 2,600 രൂപയും, ബോഡിമേട്ട് നിന്നും 1,100 രൂപയും, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കന്നുകാലി ചെക്ക് പോസ്റ്റില്‍ നിന്നും 6,460 രൂപയും കണക്കില്‍പ്പെടാത്ത തുക വിജിലന്‍സ് പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ കുമിളി ചെക്ക് പോസ്റ്റില്‍ ഓഫീസടച്ചിട്ട് രണ്ട് ഉദ്യോഗസ്ഥര്‍ കിടന്നുറങ്ങുന്നതായും കാണപ്പെട്ടു. മലപ്പുറം മണിമൂലി ചെക്ക് പോസ്റ്റ് അടച്ചിട്ട നിലയില്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതായും കാണപ്പെട്ടു. പാറശ്ശാല കന്നുകാലി ചെക്ക്പോസ്റ്റിലെ കോഴി പരിശോധന രജിസ്റ്റര്‍ പ്രകാരം ഈമാസം 17 ന് ശേഷവും, കന്നുകാലി പരിശോധന രജിസ്റ്റര്‍ പ്രകാരം ഈമാസം 24 ന് ശേഷവും യാതൊരു പരിശോധനയും നടത്തിയിട്ടില്ല എന്നും വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള 39 അതിര്‍ത്തി ചെക്ക് പോസ്റ്റുുകളിലും, മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുുകളിലും, മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുുകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകളെ പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുന്നതാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍അഭ്യര്‍ത്ഥിച്ചു.

 

Latest