From the print
ഓസ്‌കാറില്‍ തിളങ്ങി ഒപ്പണ്‍ഹെയ്മര്‍; കില്ല്യന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി
മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ പുരസ്‌കാരങ്ങളാണ് ഒപ്പണ്‍ഹെയ്മര്‍ സ്വന്തമാക്കിയത്.
ലോസ് ഏഞ്ചല്‍സ് | ഏഴ് പുരസ്‌കാരങ്ങളുമായി ഓസ്‌കാറില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഒപ്പണ്‍ഹെയ്മര്‍. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ പുരസ്‌കാരങ്ങളാണ് ഒപ്പണ്‍ഹെയ്മര്‍ സ്വന്തമാക്കിയത്. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ഒപ്പണ്‍ഹെയ്മറുടെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. കില്ല്യന്‍ മര്‍ഫി മികച്ച നടനും എമ്മ സ്റ്റോണ്‍ മികച്ച നടിക്കുമുള്ള പുരസ്‌കാരം നേടി.
റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിലൂടെ ലഭിച്ച മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ പൂവര്‍ തിംഗ്‌സ് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്ററസ്റ്റാണ് മികച്ച വിദേശ ചിത്രം. ‘വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍’ എന്ന ബാര്‍ബിയിലെ ഗാനത്തിലൂടെ ബില്ലി എലിഷും ഫിനിയാസ് ഒ കോണലും മികച്ച ഗാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായി. രണ്ടാം തവണയാണ് ഇവര്‍ ഓസ്‌കാര്‍ നേടുന്നത്.
നാണമില്ലാതെ
വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഹോളിവുഡ്- ഗുസ്തി താരമായ ജോണ്‍ സീന ഡോള്‍ബി തീയറ്ററിലെ വേദിയിലെത്തിയത് പൂര്‍ണനഗ്‌നനായി. വിജയിയുടെ പേരെഴുതിയ കാര്‍ഡ് കൊണ്ട് നാണം മറച്ചായിരുന്നു പ്രവേശം. മികച്ച വസ്ത്രലങ്കാരത്തിനുള്ള ഓസ്‌കാര്‍ പൂവര്‍ തിംഗ്‌സ് എന്ന ചിത്രത്തിനാണ്.