Techno
ഓപ്പോ ഫൈൻഡ് എൻ5 പ്രീ ഓർഡർ ആരംഭിച്ചു; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിപണിയിൽ
സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും 6,000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ വരുന്നത്.

ബീജിങ്|ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന ടാഗ് ലൈനോടെ എത്തുന്ന ഓപ്പോ-യുടെ ഫൈൻഡ് എൻ5 രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് മുന്നോടിയായി ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. വാച്ച് എക്‌സ് 2 വിനൊപ്പമാണ് ഫൈൻഡ് എൻ5ഉം വിപണിയിലെത്തുന്നത്. ബ്രാൻഡ് ഇതുവരെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ ചൈനയിലെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി പ്രീ-ഓർഡറുകൾ ആരംഭിച്ചു. ഫൈൻഡ് എൻ5 ആഗോള വിപണികളിൽ വൺപ്ലസ് ഓപ്പൺ 2 ആയി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും 6,000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ വരുന്നത്.
മടക്കാവുന്ന സ്മാർട്ട്‌ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആക്‌സസറികളുടെ ലിമിറ്റഡ് എഡിഷൻ ഗിഫ്റ്റ് ബോക്‌സ്, 24 മാസം വരെ പലിശ രഹിത ഇൻസ്‌റ്റാൾമെൻ്റ് ഓഫറുകൾ, ഒരു വർഷത്തേക്ക് സ്‌ക്രീൻ കേടുപാടുകൾ വാറന്റി തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. നിവർത്തിവച്ച ഫൈൻഡ് എൻ5ന് 4.2 എംഎം മാത്രമേ കനമുണ്ടാകൂ എന്നാണ് റിപ്പോർട്ട്. നിലവിലുള്ള ഓപ്പോ ഫൈൻഡ് എൻ 3 തുറക്കുമ്പോൾ 5.8 എംഎം കനമാണുള്ളത്. ഓപ്പോ ഫൈൻഡ് എൻ5 മടക്കിയാൽ ഏകദേശം 9.2 എംഎം കനം പ്രതീക്ഷിക്കുന്നു.