Connect with us

National

മഹാരാഷ്ട്ര പിടിക്കാന്‍ പ്രതിപക്ഷ സഖ്യം; മഹാ വികാസ് അഘാഡി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ധാരണ പ്രകാരം ഉദ്ധവ് താക്കറെയുടെ ശിവസേന (യു ബി ടി), കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി-എസ് പി) എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എം വി എ)യുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 31ലും മഹാ വികാസ് അഘാഡിയായിരുന്നു ജയിച്ചത്.

ധാരണ പ്രകാരം ഉദ്ധവ് താക്കറെയുടെ ശിവസേന (യു ബി ടി), കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി-എസ് പി) എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. എം വി എ സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും 85 സീറ്റുകളില്‍ മത്സരിച്ചാല്‍ ആകെയുള്ള 288ല്‍ 255 സീറ്റുകളില്‍ തീരുമാനമായി. ബാക്കിയുള്ള 33 സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി (എസ് പി)ഉള്‍പ്പെടെയുള്ള എം വി എയുടെ ചെറിയ സഖ്യകക്ഷികള്‍ക്ക് ലഭിക്കും. നാളെയോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

65 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുറത്തിറക്കി. ആദിത്യ താക്കറെ മുംബൈയിലെ വര്‍ളിയില്‍ നിന്ന് മത്സരിക്കും. ഞങ്ങള്‍ ഒറ്റക്കെട്ടയാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത് എന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കവെ മഹാവികാസ് അഘാഡി നേതാക്കള്‍ വ്യക്തമാക്കി. 2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച മഹാ വികാസ് അഘാഡി സഖ്യം, ബി ജെ പി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തെ പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിലാണ്.

17 ഇടത്താണ് മഹായുതിക്ക് ജയിക്കാനായത്. കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റുകളില്‍ 13 എണ്ണവും ശിവസേന (യുബിടി) മത്സരിച്ച 21 സീറ്റുകളില്‍ ഒമ്പത് എണ്ണവും സ്വന്തമാക്കി. എന്‍ സി പി (എസ്പി) മത്സരിച്ച 10 സീറ്റുകളില്‍ എട്ട് സീറ്റുകളിലും വിജയിക്കാനായിരുന്നു.

 

Latest