National
പ്രതിപക്ഷ ഭേദഗതികള്‍ തള്ളി; വിവാദ വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ജെ പി സി യില്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ വായിച്ചുപോലും കേള്‍ക്കാതെ വോട്ടിനിട്ട് തള്ളുകയായിരുന്നു. ബി ജെ പി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെ പി സി അംഗീകരിച്ചു.

ന്യൂഡല്‍ഹി | വിവാദ വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി)റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ജെ പി സി യില്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ വായിച്ചുപോലും കേള്‍ക്കാതെ വോട്ടിനിട്ട് തള്ളുകയായിരുന്നു. ബി ജെ പി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെ പി സി അംഗീകരിച്ചു. മാര്‍ച്ചില്‍ നടക്കുന്ന ബജറ്റ് രണ്ടാംഘട്ട സമ്മേളനത്തില്‍ ബില്ല് പാര്‍ലമെന്റിനു മുന്നിലെത്തും.
പ്രതിപക്ഷ വിയോജിപ്പുകളെ മറികടന്ന് ഏകപക്ഷീയമായാണ് ജെ പി സി റിപ്പോര്‍ട്ട് അംഗീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്റിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങളെ അവഗണിച്ചായിരുന്നു ജെ പി സി അംഗീകാരം നല്‍കിയത്. കഴിഞ്ഞ ബജറ്റ് സമ്മേളനം നടന്ന ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ ജെ പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 19ന് നടന്ന യോഗത്തില്‍ ബില്ലിലെ ഭേദഗതികള്‍ക്ക് മന്ത്രിസഭാ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാര്‍ലമെന്റ് മുന്നിലെത്തുന്ന ബില്ലില്‍ വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് അടങ്ങിയിട്ടുള്ളത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും വഖഫ് കൗണ്‍സിലിന് ഭൂമിയില്‍ അവകാശം പറയാനാവില്ല എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി ജെ പിയുടെ ഏകപക്ഷീയമായ താല്പര്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുന്നത്.