minister kn balagopal
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ പ്രതിപക്ഷം ഒരക്ഷരം ഉരിയാടുന്നില്ല: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് വസ്തുതാപരമാണ്. അതിന്റെ കാരണവും വ്യക്തമാണ്

കൊല്ലം | കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാവുന്നില്ലെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് വസ്തുതാപരമാണ്. അതിന്റെ കാരണവും മാധ്യമങ്ങളിലുള്‍പ്പെടെ കൃത്യമായി വന്നതാണ്. കേരളത്തിന് കിട്ടേണ്ട തുക കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നില്ല. കേരളത്തിന് ബോധപൂര്‍വം ലഭ്യമാക്കാതിരിക്കുകയാണ് കേന്ദ്രം. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്കും ഈ അവസ്ഥയുണ്ട്. രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ ഈ അവസ്ഥയുണ്ട്.
എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷം ഇതിനെതിരെ മിണ്ടുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ ധൂര്‍ത്താണെന്നും ആവശ്യമില്ലാതെ പണം ചെലവഴിക്കുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളീയം നടത്തിയത് ധൂര്‍ത്താണെന്നും ആ തുക കൊണ്ട് പെന്‍ഷന്‍ വിതരണം ചെയ്യാമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. 900 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി വേണ്ടത്. നാളെ മുതല്‍ പെന്‍ഷന്‍ വിതരണെ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. നികുതി പിരിവു നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപി ക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നികുതി പിരിച്ചെടുത്തത് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടാണ്. കോവിഡിന്റെ തകര്‍ച്ചയില്‍ നിന്നു കരകയറിയശേഷം 24,000 കോടി രൂപയാണ് അധികമായി നേടിയത്.
നികുതി പിരിവിന്റെ കണക്കുകള്‍ കൃത്യമായി ബജറ്റ് രേഖയില്‍ ഉണ്ട്. എവിടെ നിന്നു ലഭിക്കുന്ന കണക്കുകള്‍ വെച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്ന് അറിയില്ല. ജി എസ് ടി വഴി സംസ്ഥാനത്തിന് വരുന്ന നഷ്ടങ്ങളെപ്പറ്റിയും സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇതേപ്പറ്റി യൊന്നും പറയാതെ സസ്ഥാന സര്‍ക്കാറിനെ അധിക്ഷേപിക്കുകയും തെറ്റിദ്ധ രിപ്പിക്കുകയുമാണു പ്രതിപക്ഷ നേതാവ്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും എല്ലാ തരത്തിലുള്ള ക്ഷേമപെ ന്‍ഷനുകളുള്‍പ്പെടെ നല്‍കിയാണു സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ജനങ്ങള്‍ ഇത് മനസിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വസ്തുതാപരമായ കാര്യങ്ങളാണ് പറയേണ്ടത്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നതുമുതല്‍ ഇല്ലാത്ത ആരോപണങ്ങള്‍ പറയുന്ന ഒരു ശീലം ഉണ്ട്. അതിലൊന്നും വസ്തുതകളില്ലെന്ന് പലതവണ തെളിഞ്ഞതാണ്.
എറ്റവും കൂടുതല്‍ കേന്ദ്രത്തില്‍ നിന്ന് വിവേചനം നേരിടുന്നത് കേരളമാണ്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയങ്ങള്‍ക്കെതിരെ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധത്തില്‍ പോലും പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തില്‍ പ്രതിപക്ഷത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.