shajahan murder case
ഷാജഹാൻ വധം അന്വേഷിക്കുന്നത് സി പി എം ആണോയെന്ന് പ്രതിപക്ഷ നേതാവ്
കുറ്റവാളികളെ സി പി എം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പോലീസും കോടതിയുമെന്ന് വി ഡി സതീശന്‍ ചോദിച്ചു.
കോഴിക്കോട് | പാലക്കാട് മലമ്പുഴയിൽ സി പി എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊന്ന കേസ് അന്വേഷിക്കുന്നത് സി പി എം സെക്രട്ടറിയേറ്റാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ കുറച്ചുകാലമായി സി പി എം പല കാര്യത്തിലും സെൽഫ് ഗോൾ അടിക്കുകയാണ്. അതുകൊണ്ട് ബാക്കിയുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സാധാരണ ശ്രമിക്കുന്നതെന്നും കൊലപാതകത്തിന് പിന്നില്‍ ആർ എസ് എസ് എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സതീശന്‍ ചോദിച്ചു.
‘ഇന്നലെ രാത്രി എസ് പി പറഞ്ഞത് കൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ്. എന്നാൽ പൊലീസ് എഫ് ഐ ആറിൽ രാഷ്ട്രീയമായ പ്രശ്നം ഉണ്ടെന്നു പറയുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് ദൃക്സാക്ഷി പറഞ്ഞത്. പൊലീസ് അത് കൃത്യമായി അന്വേഷിച്ച് ആരാണ് കുറ്റവാളികളെന്ന് പുറത്തുകൊണ്ടുവരണം. സി പി എമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷി പറഞ്ഞരിക്കുന്നത്, അതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ.’– സതീശൻ പറഞ്ഞു.
പോലീസ് അന്വഷിക്കുന്ന ഒരു വിഷയത്തില്‍ കുറ്റവാളികളെ സി പി എം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പോലീസും കോടതിയുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടി തന്നെ പോലീസ് സ്‌റ്റേഷനും അവരുതന്നെ കോടതിയുമാകട്ടെ. പോലീസിനെ സി പി എം നിര്‍വീര്യമാക്കുകയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലടക്കം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് അതില്‍ എസ് എഫ് ഐക്കാര്‍ ഇല്ലെന്നാണ്. പോലീസ് അന്വേഷണം നടക്കുന്നതിന് മുന്നെ ആയിരുന്നു അത്. പിന്നെങ്ങനെ പോലീസിന് വിരുദ്ധ നിലപാടെടുക്കാനാകും. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞു. എന്നിട്ട് ഏതെങ്കിലും കോണ്‍ഗ്രസുകാരെ പിടിച്ചോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
എല്ലാം ബി ജെ പിയുടെ തലയിൽ വെക്കണമോയെന്ന് കെ പി സി സി അധ്യക്ഷൻ സുധാകരനും ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഷാജഹാനെ വെട്ടിക്കൊന്നത്. ആർ എസ് എസ്- ബി ജെ പി സംഘമാണ് കൃത്യം നടത്തിയതെന്ന് സി പി എം ആരോപിച്ചിരുന്നു.