Pinarayi government's first anniversary celebration
സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും
കണ്ണൂരിലെ ഇന്നത്തെ പരിപാടിയില്‍ വി ഡി സതീശന്‍ പങ്കെടുക്കില്ല
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങളുകള്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. ഇന്ന് കണ്ണൂരില്‍ നടക്കുന്ന ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
സില്‍വര്‍ലൈന്‍ സമരത്തിനിടെ സര്‍ക്കാറുമായി ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ ആഘോഷ പരിപാടികളും പലപ്പോഴും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരുന്നു.
വൈകീട്ട് ആറിനാണ് കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് മൈതാനിയില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം.