National
പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ പിരിഞ്ഞു
സുരക്ഷാ വീഴ്ചയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നുള്ള ആവശ്യം തള്ളി
ന്യൂഡല്‍ഹി| പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്‌സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ചയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാര്‍ തള്ളി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇരുസഭകളും പിരിഞ്ഞത്.
സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 23 നോട്ടീസ് ലഭിച്ചെന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കാര്‍ പറഞ്ഞു. സുരക്ഷാവീഴ്ചയില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഉചിതമായ നടപടിയെടുക്കും. ഈ നോട്ടീസുകള്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃണമൂല്‍ എം.പി ഡെറിക് ഒബ്രയാനെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിഷയവും പ്രതിപക്ഷം ഉന്നയിച്ചു. ബഹളത്തിനിടെ സഭ പിരിയുകയായിരുന്നു.
സഭ ചേര്‍ന്ന് മിനിറ്റുകള്‍ക്കകം പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭയും പിരിയുകയായിരുന്നു. ഇന്നലെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 14 എം.പിമാരും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണവും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 14 പ്രതിപക്ഷ എം.പിമാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം തനിക്കാണെന്നും കേന്ദ്ര സര്‍ക്കാറിന് ഒരു പങ്കുമില്ലെന്നുമാണ് ഇന്നലെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്.