Kerala
എതിര്‍ക്കുന്നത് വര്‍ഗീയതയെ, അത് മതത്തിനെതിരായ നിലപാടല്ല: മുഖ്യമന്ത്രി
ദി ഹിന്ദു പത്രം വീഴ്ച മനസ്സിലാക്കി തെറ്റ് സമ്മതിച്ചു. എന്നിട്ടും തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയരുത്.
കോഴിക്കോട് | ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഏതെങ്കിലും ജില്ലയെയോ മതത്തെയോ കുറ്റപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി. എതിര്‍ക്കുന്നത് വര്‍ഗീയതയെയാണ്, അത് മതത്തിനെതിരായ നിലപാടല്ല. ദി ഹിന്ദു പത്രം വീഴ്ച മനസ്സിലാക്കി തെറ്റ് സമ്മതിച്ചു. എന്നിട്ടും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറയാത്തതാണ് അഭിമുഖത്തില്‍ വന്നത്. കോഴിക്കോട്ട് സി പി എം ജില്ലാ കമ്മിറ്റി നിര്‍മിച്ച എ കെ ജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി .
കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലക്ക് എതിരെയല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറയുന്നത് സത്യസന്ധമായ കണക്കാണ്. വസ്തുത പറയാനാണ് ശ്രമം. ഹവാല ഇടപാടുകാരെ പിടികൂടുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്. സ്വര്‍ണം കടത്തുന്നത് രാജ്യസ്‌നേഹമാണെന്ന് പറയാനാകുമോ. വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയരുത്. എല്ലാത്തിനും മതനിരപേക്ഷ മനസ്സുകള്‍ തന്നെ മറുപടി നല്‍കും.
സംവിധാനങ്ങളെ തകിടം മറയ്ക്കാനായി പുകമറ സൃഷ്ടിക്കുകയാണ് പി വി അന്‍വര്‍ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണ റിപോര്‍ട്ട് വരട്ടെ എന്നിട്ട് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതിന്റെ റിപോര്‍ട്ട് പുറത്തു വരും മുമ്പ് അന്‍വര്‍ പ്രത്യേക അജണ്ടയുമായി ഇറങ്ങി. വര്‍ഗീയ ശക്തിക്കള്‍ക്ക് നാക്ക് ജനമനസ്സുകളില്‍ വര്‍ഗീയ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.