mullaperiyar dam
വിവാദ ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം
ഇന്ന് നിയമസഭയിൽ ഉന്നയിക്കും
തിരുവനന്തപുരം | മുല്ലപ്പെരിയാറിലെ ബേബിഡാമിന്റെ പരിസരത്ത് മരംമുറിക്കാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് തമിഴ്നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷ നീക്കം. നിയമസഭ നടക്കുന്നതിനാൽ ഇന്ന് വിഷയം സഭയിൽ ഉന്നയിച്ചേക്കും. നിയമസഭയിൽ ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി പ്രതിപക്ഷ എം എൽ എമാർ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ നടന്ന വിവിധ നടപടി ക്രമങ്ങൾക്കിടെ മുല്ലപ്പെരിയാർ ചർച്ചയായപ്പോഴെല്ലാം ഭരണ-പ്രതിപക്ഷ വാക്‌പോര് രൂക്ഷമായിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാറിനെതിരെ രൂക്ഷമായ നിലപാട് സ്വീകരിക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയായിരുന്നു അന്നൊക്കെ പ്രതിപക്ഷം ആയുധമാക്കിയിരുന്നത്. ഇപ്പോൾ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായുള്ള സർക്കാർ നടപടിയിലെ വീഴ്ച മന്ത്രി തന്നെ സമ്മതിച്ചതോടെ ഭരണ പക്ഷത്തിനെതിരെ ഇത് ഉപയോഗിക്കാനാണ് യു ഡി എഫ് നീക്കം. വിഷയം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷ നേതാവിനെയും പുറത്ത് ചർച്ചയാക്കാൻ എൻ കെ പ്രമചന്ദ്രൻ എം പിയെയുമാണ് യു ഡി എഫ് നിയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ലാഘവത്തോടെ ഇടപെടുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ഇന്നലെ വിഷയത്തിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ ഉന്നയിച്ചത്.