മണ്ഡല പര്യടനം
പരീക്ഷണത്തുടര്‍ച്ചയോ; മാറ്റത്തിന്റെ ഇടിമുഴക്കമോ?
മുകുന്ദപുരമായിരുന്നപ്പോഴും ചാലക്കുടിയായപ്പോഴും ഇടതുവലതു മുന്നണികളെ മാറി മാറി വിജയിപ്പിച്ച മണ്ഡലമാണിത്.
ചാലക്കുടി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം കടന്നുവരുന്ന പേര് അകാലത്തില്‍ പൊലിഞ്ഞ നടന്‍ കലാഭവന്‍ മണിയുടേതായിരിക്കും. നാടന്‍ പാട്ടിനെ ജനകീയമാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച മണിയുടെ ജന്മദേശം. മുകുന്ദപുരം ലോക്സഭാമണ്ഡലം മാറ്റങ്ങള്‍ വരുത്തി 2008ല്‍ രൂപവത്കരിച്ചതാണ് ചാലക്കുടി. മുകുന്ദപുരമായിരുന്നപ്പോഴും ചാലക്കുടിയായപ്പോഴും ഇടതുവലതു മുന്നണികളെ മാറി മാറി വിജയിപ്പിച്ച മണ്ഡലമാണിത്. ലീഡര്‍ കെ കരുണാകരനും ഇ ബാലാനന്ദനും പി സി ചാക്കോയും ലോനപ്പന്‍ നമ്പാടനുമെല്ലാം അങ്കത്തട്ടില്‍ ഇറങ്ങി വിജയിച്ച മണ്ഡലമായിരുന്നു മുകുന്ദപുരം. ചാലക്കുടിയായപ്പോള്‍ കെ പി ധനപാലനും നടന്‍ ഇന്നസെന്റും ബെന്നി ബെഹ്നാനും ഇന്ദ്രപ്രസ്ഥത്തിലെത്തി.
മുകുന്ദപുരം ചരിത്രം
2008ലെ പുനഃസംഘടനയോടെയാണ് പഴയ മുകുന്ദപുരം ലോക്സഭാ മണ്ഡലം ചാലക്കുടിയായത്. മുകുന്ദപുരത്ത് 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ പനമ്പിള്ളി ഗോവിന്ദ മേനോനായിരുന്നു വിജയം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി(പി എസ് പി)യുടെ സി ജി ജനാര്‍ദനനായിരുന്നു മുഖ്യ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,32,274 എന്ന മാന്ത്രിക ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം പി ഇന്നസെന്റിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിലെ ബെന്നി ബെഹ്നാന്‍ ലോക്സഭയിലെത്തിയത്. 9,90,433 പേര്‍ വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ബെന്നി ബെഹ്നാന് 4,73,444 വോട്ടും ഇന്നസെന്റിന് 3,41,170 വോട്ടുമാണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 1,54,159 വോട്ടും ലഭിച്ചു. 2014നെ അപേക്ഷിച്ച് ഇന്നസെന്റിന് 17,270 വോട്ടിന്റെ കുറവേ ഉണ്ടായുള്ളൂവെങ്കിലും പോളിംഗ് ശതമാനം 76.94ല്‍ നിന്ന് 80.51ലേക്ക് ഉയര്‍ന്നത് ബെന്നി ബെഹ്നാന്റെ കുതിപ്പ് കൂട്ടിയ ഘടകമായി. 2014ല്‍ എ എ പി പിടിച്ച 35,189 വോട്ടുകള്‍ 2019ല്‍ സ്ഥാനാര്‍ഥി ഇല്ലാതിരുന്നതോടെ വീതിക്കപ്പെട്ടതും എസ് ഡി പി ഐയുടെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായതും മറ്റ് ഘടകങ്ങളാണ്.
സമ്മിശ്ര വോട്ടര്‍മാര്‍
ചാലക്കുടി മണ്ഡലത്തില്‍ 25,99,805 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 12,65,361 പുരുഷ വോട്ടര്‍മാരും 13,34,416 സ്ത്രീ വോട്ടര്‍മാരുമാണ്. 28 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ജനവിധി മാറിമറിയുന്ന മണ്ഡലത്തില്‍ ഇത്തവണ വോട്ടര്‍മാര്‍ ആരെ പിന്തുണക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളില്‍ യു ഡി എഫും മൂന്നിടത്ത് എല്‍ ഡി എഫുമാണ് പ്രതിനിധാനം ചെയ്യുന്നത്.
ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളെ യു ഡി എഫ് പ്രതിനിധാനം ചെയ്യുമ്പോള്‍ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, കുന്നത്തുനാട് മണ്ഡലങ്ങളില്‍ ഇടതുമുന്നണി പ്രതിനിധികളാണ്. കുന്നത്തുനാടിന്റെയും ആലുവയുടെയും കാര്യമെടുക്കുമ്പോള്‍ വന്‍കിട വ്യവസായ ശാലകള്‍, കൈപ്പമംഗലത്തിന്റെയും കൊടുങ്ങല്ലൂരിന്റെയും കടല്‍, കായല്‍ അതിരുകള്‍, കാട് അതിരിടുന്ന പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി. ഇത്രയുമായാല്‍ ചാലക്കുടി മണ്ഡലത്തിന്റെ ഭൂപ്രകൃതിയായി.
സ്ഥാനാര്‍ഥി പരീക്ഷണം
കഴിഞ്ഞ തവണ തിളക്കമാര്‍ന്ന വിജയം നേടിയ സിറ്റിംഗ് എം പിയും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാനെ വീണ്ടും കളത്തിലിറക്കി ചാലക്കുടി മണ്ഡലം നിലനിര്‍ത്താനാണ് യു ഡി എഫ് ശ്രമം. മണ്ഡലത്തിലെ വോട്ടര്‍ അല്ലാതിരുന്നിട്ടും ജനകീയ മുഖവും ആസൂത്രണ മികവുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രൊഫ. സി രവീന്ദ്രനാഥിനെയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ കുറിച്ച് ഇടത് ചിന്തിക്കുക പോലുമുണ്ടായില്ല.
തൃശൂര്‍ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന രവീന്ദ്രന്‍ മാഷ് എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സാധാരണ പൊതുപ്രവര്‍ത്തകനാണ്. ചാലക്കുടി ലോക്സഭാ മണ്ഡലത്തോട് ചേര്‍ന്ന് കിടക്കുന്ന കൊടകര, പുതുക്കാട് മണ്ഡലങ്ങളില്‍ നിന്നായി മൂന്ന് തവണയാണ് രവീന്ദ്രനാഥ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നേടിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ചാലക്കുടിയിലെ ഇടതുക്യാമ്പ്.
എന്‍ ഡി എക്കു വേണ്ടി ബി ഡി ജെ എസിന്റെ സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി കെ എ ഉണ്ണികൃഷ്ണനാണ് കളത്തിലുള്ളത്. ചാലക്കുടി സ്വദേശിയായ ഇദ്ദേഹം നിലവില്‍ റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. കേരളത്തില്‍ ട്വന്റി 20 ബലപരീക്ഷണത്തിനിറങ്ങുന്ന രണ്ട് സീറ്റുകളിലൊന്നാണ് ചാലക്കുടി. മദ്യനിരോധന സമിതിയുടെ മുന്‍നിര പോരാളി അഡ്വ. ചാര്‍ളി പോളാണ് ട്വന്റി20 സ്ഥാനാര്‍ഥി. മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത്, രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവ ട്വന്റി 20യുടെ കൈവശമാണ്.