Qatar World Cup 2022
ഖത്വറിനെ തോല്‍പ്പിച്ച് ഓറഞ്ച് സൈന്യം പ്രിക്വാര്‍ട്ടറില്‍
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം.

ദോഹ | ആതിഥേയരായ ഖത്വറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് ഖത്വര്‍. സെനഗലിനോട് ഇക്വഡോർ പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ട് പ്രിക്വാർട്ടറിലെത്തി.
മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹോളണ്ടിന്റെ കൈയിലായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ലീഡ് ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു. 26ാം മിനുട്ടില്‍ കോഡി ഗാക്‌പോയാണ് ഡച്ചുകാരുടെ ആദ്യ ഗോള്‍ നേടിയത്. ഡേവി ക്ലാസ്സെന്‍ ആയിരുന്നു അസിസ്റ്റ്.
ആദ്യപകുതി തുടങ്ങി നാലാം മിനുട്ടില്‍ രണ്ടാം ഗോളും നെതര്‍ലാന്‍ഡ് നേടി. 49ാം മിനുട്ടില്‍ ഫ്രെങ്കി ഡി യോംഗ് ആണ് ഉഗ്രന്‍ ഷോട്ടിലൂടെ ഗോളടിച്ചത്. 68ാം മിനുട്ടില്‍ സ്റ്റീവന്‍ ബെര്‍ഗൂയിസ് ഖത്വറിൻ്റെ വല ചലിപ്പിച്ചെങ്കിലും വാര്‍ നിഷേധിച്ചു. മത്സരത്തിൽ ഉയർന്ന ഏക മഞ്ഞക്കാർഡ് ഡച്ച് താരത്തിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളിലും ഹോളണ്ട് ബഹുദൂരം മുന്നിലായിരുന്നു. ഫൌളുകളുടെ കാര്യത്തിലും ഓറഞ്ച് പട തന്നെയായിരുന്നു മുന്നിൽ.