Kerala
തൃശൂർ വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവ്; നാശനഷ്ടം വിലയിരുത്തും
ഗുരുതര പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ | കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കലക്ടർക്കാണ് അന്വേഷണ ചുമതല. അപകട കാരണം സംബന്ധിച്ചാകും പ്രധാനമായും അന്വേഷിക്കുക. ഇതിനായി പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സമീപ പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യും. സമീപത്തെ വീടുകൾക്കും സ്കൂളിനും നാഷനശ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തും. അനുമതിയിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും.
കുണ്ടന്നൂരിലെ വെടിക്കെട്ടുശാലയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയായ യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പണി കഴിഞ്ഞ് തൊഴിലാളികൾ കുളിക്കാൻ പോയ സമയത്തായിരുന്നു സ്ഫോടനം. ഇതിനാൽ അപകടത്തിന്റെ വ്യാപ്തി ഒഴിവായി.
പുഴക്കൽ സുന്ദരേഷൻ്റെ വെടിപ്പുരയിലാണ് സ്ഫോടനം നടന്നത്. ഇതിന് സമീപത്തായി നിരവധി വെടിക്കെട്ടുപുരകൾ കൂടി ഉണ്ടായിരുന്നു. 10 കിലോ മീറ്റർ വരെ ദൂരത്തിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇതേതുടർന്ന് ആളുകൾ വീടുകളിൽ നിന്നും മറ്റും ഇറങ്ങിയോടി. രണ്ട് തവണ സ്ഫോടനമുണ്ടായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.