Connect with us

From the print

തിരിച്ചടിയായി ഉത്തരവ്: അന്തർജില്ലാ സ്ഥലംമാറ്റം നിർത്തി; അധ്യാപകർ ത്രിശങ്കുവിൽ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ നീക്കം

Published

|

Last Updated

കോഴിക്കോട് | വിവിധ ജില്ലകളിലായി നൂറ് കണക്കിന് അപേക്ഷ കർ നിലനിൽക്കെ സംസ്ഥാനത്ത് അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള നടപടികൾ നിർത്തിവെച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വർഷങ്ങളായി സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം ആഗ്രഹിച്ച് അപേക്ഷ നൽകിയ അധ്യാപകർ ത്രിശങ്കുവിലായി. ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഓരോ വർഷവും അതത് ജില്ലകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ 20 ശതമാനം മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകരായ പ്രൈമറി അധ്യാപകർക്കും 15 ശതമാനം ഹൈസ്‌കൂൾ അധ്യാപകർക്കും മാറ്റിവെക്കണം. എന്നാൽ മൂന്ന് വർഷത്തോളമായി അന്തർജില്ലാ സ്ഥലം മാറ്റം കൃത്യമായ അനുപാതത്തിൽ നടക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പുതിയ അറിയിപ്പ്.
അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാറിൽ നിന്ന് വ്യക്തതക്കു വേണ്ടി കാത്തിരിക്കുകയാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇത് സംബന്ധിച്ച് സർക്കാറിന്റെ ഉത്തരവുകൾ നിലനിൽക്കെയാണ് സാങ്കേതികത്വത്തിന്റെ പേരിൽ നടപടികൾ നിർത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്. 2021ൽ കേഡർ സ്‌ട്രെംഗ്ത് പ്രകാരമുള്ള അന്തർജില്ലാ സ്ഥലംമാറ്റം കണക്കാക്കുന്ന രീതി റദ്ദ് ചെയ്തിരുന്നു. 2021 വരെ മുൻ ഉത്തരവുകൾ പ്രകാരം മറ്റ് ജില്ലകളിൽ നിന്ന് അപേക്ഷിക്കുന്ന പ്രൈമറി അധ്യാപകർക്ക് ജില്ലയിലെ മൊത്തം ഒഴിവിന്റെ 35 ശതമാനവും ഹൈസ്‌കൂൾ അധ്യാപകർക്ക് 25 ശതമാനവും നീക്കിവെക്കണമെന്നാണ് നിർദേശമുണ്ടായിരുന്നത്. എന്നാൽ 2021ൽ ഇത് എല്ലാ വിഭാഗത്തിനും പത്ത് ശതമാനമാക്കി വെട്ടിക്കുറച്ചു.

അധ്യാപകരുടെ പ്രതിഷേധത്തിന്റെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിൽ 2024 മെയിൽ ഇത് പ്രൈമറി അധ്യാപകർക്ക് 20 ശതമാനവും ഹൈസ്‌കൂൾ അധ്യാപകർക്ക് 15 ശതമാനവുമാക്കി. എന്നാൽ ഉത്തരവ് ഇറക്കിയെന്നല്ലാതെ മറ്റ് ജില്ലകളിൽ നിന്ന് അപേക്ഷിക്കുന്ന അധ്യാപകർക്ക് നാമമാത്ര നിയമനങ്ങൾ മാത്രമാണ് ഇക്കാലയളവിൽ നൽകിയത്. 2022ൽ പ്രൈമറിയിൽ മാത്രം 300ലധികം പി എസ് സി നിയമനങ്ങൾ നടന്നിട്ടുണ്ട്. ഉത്തരവ് പ്രകാരം 31 പേർക്ക് അന്തർജില്ലാ സ്ഥലംമാറ്റം നൽകുന്നതിന് പകരം മൂന്ന് പേർക്ക് മാത്രമാണ് നൽകിയതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതുപോലെ 2023ൽ പ്രൈമറിയിൽ 119 പേരെ പി എസ് സി വഴി നിയമിച്ചു. അന്തർജില്ലാ സ്ഥലം മാറ്റത്തിൽ 13 പേർക്ക് അവസരം ലഭിക്കണം. എന്നാൽ ഒരാൾക്ക് പോലും സ്ഥലംമാറ്റം ലഭിച്ചില്ലെന്നും അധ്യാപകർ പറയുന്നു.

സാധാരണ ഗതിയിൽ അഞ്ച് വർഷം ഒരു ജില്ലയിൽ ജോലിയെടുത്തവർക്കാണ് അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്. എന്നാൽ 15 വർഷം വരെയായി കാത്തിരിക്കുന്ന അധ്യാപകരുണ്ടെന്നാണ് പറയുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സഹതാപാർഹ സ്ഥലംമാറ്റവും നൽകണമെന്നാണ് നിർദേശം. എന്നാൽ ഇതും കൃത്യമായി നടക്കുന്നില്ലെന്നാണ് പരാതി. രക്ഷിതാക്കളുടെയോ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ രോഗം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കേണ്ടത്. ഇത് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് വ്യക്തമായ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തേണ്ടത്. എന്നാൽ ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്നാണ് പരാതി.

പല ഡി ഡി ഇ ഓഫീസുകൾ കേന്ദ്രീകരിച്ചും അന്തർജില്ലാ സ്ഥലംമാറ്റ നടപടികൾ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷേപം. സ്ഥലംമാറ്റം മൂന്ന് വർഷത്തോളമായി കൃത്യമായ അനുപാതത്തിൽ നടക്കാത്ത സാഹചര്യത്തിൽ അപേക്ഷകരായ അധ്യാപകർ വിവിധ ജില്ലകളിൽ കൂട്ടായ്മ രൂപവത്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest