Connect with us

finance scam

ഇല്ലാത്ത കോടതിയുടെ പേരില്‍ ഉത്തരവ്; സാമ്പത്തിക തട്ടിപ്പുകേസില്‍ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

വസ്തു 230 കോടിയോളം വിലവരുന്നതാണെന്ന് വിശ്വസിപ്പിക്കുകയും ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം ആവശ്യപ്പെടുകയും ചെയ്തായിരുന്നു തട്ടിപ്പ്.

Published

|

Last Updated

പത്തനംതിട്ട | ക്ഷേത്ര വക ഭൂമിയിലെ കുടിക്കിടപ്പവകാശ കേസില്‍ അനുകൂല വിധിയുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില്‍ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടില്‍ സജു സി എസ് (44) എന്നിവരെയാണ് കൊടുമണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊടുമണ്‍ ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ്  തൊട്ടരികില്‍ പുത്തന്‍വീട്ടില്‍ സജി ബേബിയുടെ ഭാര്യ മാറിയാമ്മ ചാക്കോയുടെ പരാതിയിലാണ് അറസ്റ്റ്.

ഇവരില്‍ നിന്നും പല കാലയളവിലായി 5,65,000 രൂപയും നാലര പവന്‍ സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്. ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡുമായി കേസ് നിലവിലുണ്ട്. വസ്തു 230 കോടിയോളം വിലവരുന്നതാണെന്ന് വിശ്വസിപ്പിക്കുകയും ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം ആവശ്യപ്പെടുകയും ചെയ്തായിരുന്നു തട്ടിപ്പ്. കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് വ്യാജമായി നിര്‍മിച്ച് സാമ്പത്തികമായി സഹായിച്ചവരെ രമ വിശ്വാസിപ്പിക്കുകയും ചെയ്തു.

പ്രതികള്‍ കൃത്രിമമായി നിര്‍മിച്ച കോടതി ഉത്തരവ്, പ്രതികള്‍ക്ക് നല്‍കാനുള്ള പണത്തിനായി സ്വര്‍ണം പണയം വച്ചതിന്റെ രസീതുകള്‍, തീറാധാരം എഴുതി പണയപ്പെടുത്തുന്നതിന് മുദ്രപ്പത്രത്തിലെഴുതിയത്, പ്രതിയായ രമയുടെ പേരിലുള്ള ബേങ്ക് പാസ്സ് ബുക്ക് തുടങ്ങിയ തെളിവുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സബ് കോടതിയിലെത്തി ശിരസ്തദാറെയും അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡറെയും കണ്ട് അന്വേഷണം നടത്തിയ പോലീസിന് ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വെളിപ്പെട്ടു. ഉത്തരവില്‍ പറഞ്ഞ കോടതി നിലവിലില്ലാത്തതാണെന്നും വ്യക്തമായി.

സമാനമായ വേറെയും കുറ്റകൃത്യം പ്രതികള്‍ നടത്തിയിട്ടുണ്ടോയെന്ന് അറിയുന്നതിനായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ് ഐമാരായ രതീഷ് കുമാര്‍, സതീഷ്, എസ് സി പി ഓമാരായ പ്രമോദ്, വിനീത്, സി പി ഓമാരായ അജിത് കുമാര്‍, പ്രദീപ്, സിന്ധു, സുനിത, അജിത് എസ് പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest