Connect with us

Kuwait

പ്രവാചക പാതയില്‍ ജീവിതം ക്രമപ്പെടുത്തുക: ഖലീല്‍ തങ്ങള്‍

നബി സന്ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിജീവിതത്തെയും കുടുംബ, സാമൂഹിക ക്രമങ്ങളെയും ചിട്ടപ്പെടുത്തിയാല്‍ സമാധാനവും സുരക്ഷയും സാധ്യമാകും.

Published

|

Last Updated

കുവൈത്ത് സിറ്റി | മനുഷ്യജീവിതത്തിന്റെ സര്‍വതലത്തെയും സ്പര്‍ശിക്കുന്ന പാഠമാണ് പ്രവാചക അധ്യാപനങ്ങളെന്നും നബി സന്ദേശങ്ങള്‍ക്കനുസൃതമായി വ്യക്തിജീവിതത്തെയും കുടുംബ, സാമൂഹിക ക്രമങ്ങളെയും ചിട്ടപ്പെടുത്തിയാല്‍ സമാധാനവും സുരക്ഷയും സാധ്യമാകുമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി. ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലിദ് സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക സമൂഹം സ്വന്തം ഭൂതകാലത്തെ പറ്റി കൂടുതല്‍ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ചരിത്ര തമസ്‌കരണം വഴി സമുദായത്തിന്റെ അസ്തിത്വം തന്നെ നിരാകരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം ഉണര്‍ത്തി.

മന്‍സൂരിയയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഗ്രാന്‍ഡ് മൗലിദ് വ്യത്യസ്തമായ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. സയ്യിദ് ഹബീബ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി അലവി സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ശൈഖ് ഔസ് അല്‍ ശാഹീന്‍ ആശംസകള്‍ നേര്‍ന്നു.

സയ്യിദ് സൈതലവി തങ്ങള്‍, അഹ്മദ് കെ മാണിയൂര്‍, ഷുക്കൂര്‍ മൗലവി, അബ്ദുല്‍ അസീസ് സഖാഫി, അഹ്മദ് സഖാഫി കാവനൂര്‍ സംബന്ധിച്ചു. നൗഷാദ് തലശ്ശേരി, സമീര്‍ മുസ്ലിയാര്‍, സാലിഹ് കിഴക്കേതില്‍ പരിപാടി നിയന്ത്രിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.