National
സ്പീക്കറുടെ ഉത്തരവ്; ഏക്നാഥ് ഷിന്‍ഡക്കും എം എല്‍ എമാര്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്
ഷിന്‍ഡെ വിഭാഗം ഭരണഘടനാ വിരുദ്ധമായി ഭരണം കൈക്കലാക്കിയെന്നും ഭരണഘടനാ വിരുദ്ധ സര്‍ക്കാറാണെന്നും താക്കറെ വിഭാഗം
ന്യൂഡല്‍ഹി | യഥാര്‍ത്ഥ ശിവസേന ഏക്നാഥ് ഷിന്‍ഡയുടേതാണെന്ന മഹാരാഷ്ട്ര സ്പീക്കറുടെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. രണ്ടാഴ്ചക്ക് ശേഷം സുപ്രീംകോടതി വിഷയത്തില്‍ വാദം കേള്‍ക്കും.മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയുടെ പക്ഷമാണ് യഥാര്‍ത്ത ശിവസേനയെന്ന സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബല്‍ , അഭിഷേക് സിംഗ്വി എന്നിവരുടെ ഹര്‍ജികള്‍ ചീഫ് ജസ്റ്റസ് ഡി വൈ ചന്ദ്രചൂഢ് , ജസ്റ്റിസ് ജെ ബി പാര്‍ദിവാല , മനോജ് മിസ്ര എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചു. രണ്ടാഴ്ചക്കകം മുഖ്യമന്ത്രിയുടെയും എം എല്‍ എ മാരുടെയും പ്രതികരണം തേടി സുപ്രീം കോടതി നോട്ടീസയക്കുകയും ചെയ്തു.
ഷിന്‍ഡെ ഭരണഘടനാ വിരുദ്ധമായി അധികാരം പിടിച്ചെടുത്തുവെന്നാണ് താക്കറെ വിഭാഗം ആരോപിക്കുന്നത്. ജനുവരി 10 ന് ഷിന്‍ഡെ അടക്കം 16 നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കണമെന്ന താക്കറെ പക്ഷത്തിന്റെ നിര്‍ദേശം സ്പീക്കര്‍ തള്ളിയിരുന്നു.