Prathivaram
ക്രിസ്മസ് ക്രിബ്ബിലെ ക്രമങ്ങൾ
ഡിസംബർ 25 യേശുവിന്റെ പിറവി ദിനമായി ക്രിസ്തുമത വിശ്വാസികൾ ആഘോഷിക്കുകയാണ്. ജറൂസലമും ബത്്ലഹേമും കാലിത്തൊഴുത്തും ജിഗ്ഗിൾ ബെൽസും എല്ലാവർക്കും സുപരിചിതവും.
പുതു വസ്ത്രങ്ങളണിഞ്ഞാണ് ക്രിസ്തീയ വിശ്വാസികൾ കർമങ്ങൾക്കായി ഇടവക പള്ളിയിലെത്തുക. വൃത്തിയായി ദേഹശുദ്ധി വരുത്തിയവർ. ആത്മീയ സന്തുഷ്ടിക്കായി യഥേഷ്ടം ദേവാലയത്തിൽ നിർമല ചിത്തരായി കുടുംബസമേതം അണിനിരക്കും.
പാതിരാ കുർബാനയോടെ, യേശുവിന്റെ പിറവി ചടങ്ങുകളും സ്‌തോത്ര ഗീതാലാപനവുമായി അരങ്ങേറുന്നു. ശേഷം വൈക്കോലു മേൽക്കൂര മേഞ്ഞ് അലങ്കരിച്ച ക്രിസ്മസ് കൂട് സന്ദർശനം. വരി വരിയായി ചെന്നു ഉണ്ണീശോയെ തൊട്ടു മുത്തുന്ന വേള. ഉണ്ണി പിറന്നതിൻെറ ഹാപ്പി ക്രിസ്മസ് അനുമോദനങ്ങൾ പരസ്പരം കൈമാറുകയും കേക്കു മുറിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നു. പാശ്ചാത്യ അനുഷ്ഠാനങ്ങളായ വേഷം കെട്ടിച്ച സാന്താക്ലോസ് പ്രസക്ത ഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. ജിംഗിൾ ബെൽസു പാടിയുള്ള കരോൾ ഉദ്ഘാടനത്തിന് അപ്പൂപ്പൻ താടിയും കുടന്ത വയറുമുള്ള പപ്പ. ഊന്നു വടിയും ചെഞ്ചമപ്പു ഉടുപടയും സീസണ് ആകർഷണീയം. ധരിക്കുന്ന തൊപ്പിയുടെ നീണ്ട അങ്കവാലിനറ്റം വർണപ്രകാശമുള്ള കുഞ്ഞു നക്ഷത്രം തൂങ്ങി കാണാം. മുഖംമൂടിയുള്ളവൻ ചോക്കലേറ്റ് വിതരണം ചെയ്യുന്ന ഉദാരമനസ്‌കനും. സാന്തയുടെ നേതൃത്വത്തിലാണ് കരോൾ പാർട്ടിയുടെ നീക്കം. സ്വിറ്റ്‌സർലൻഡുകാരുടെ ക്രിസ്മസ് ട്രീ വലിയൊരു അലങ്കാരം തന്നെയാണ്.
ക്രിസ്മസ് കാർഡ് മൊബൈൽ പ്രചാരമോടെ നിലച്ച മട്ടാണ്. ശേഷിക്കുന്ന മുഴുവൻ രാത്രിയും ഫൺഫെയറായി കൊണ്ടാടുന്നതാണ് മാമൂല്.
ക്രിസ്മസ് ഒരുക്കമായി ക്രിസ്തീയ വിശ്വാസികൾ 25 ദിവസത്തെ തീക്ഷ്ണ നോന്പെടുക്കുക കാലങ്ങളായുള്ള പതിവാണ്. മത്സ്യ മാംസാദികൾക്കൊപ്പം ദുശ്ശീലങ്ങളും വർജിക്കുകയാണ് ആചാരം. ഈ നോന്പുവീടലിന് വിഭവ സമൃദ്ധമായ സദ്യയാണ് വിഭാവനം ചെയ്യുക. മധുരം, മത്സ്യമാംസാദികൾ അധിക പങ്ക്.
മലയാളികളുടെ തനതായ ക്രിസ്മസ് മധുരം വട്ടേപ്പമാണ്. ആവിയിൽ വേവിച്ചെടുക്കുന്ന വായക്ക് രുചിയാർന്ന പലഹാരം. വീടുകളിലും ക്രിബ്ബ് അലങ്കരിക്കുക പതിവാണ്. അതിനൊപ്പം ക്രിസ്മസ് ട്രീയും. നക്ഷത്രങ്ങളും തോരണങ്ങളും വർണവെളിച്ചവും മിന്നിമിനുങ്ങും. സമീപവാസികളിതെല്ലാം കൗതുകത്തോടെ കാണുന്നു. വീടുകളിൽ കരോളെത്തിയാൽ ഭീമസേനൻ സാന്താക്ലോസിനെ വളയുന്നത് ഒരു ശീലമാണ്. സാന്തയുടെ നൃത്തച്ചുവടിനൊപ്പം ആടുന്നതും പാടുന്നതും ബഹുരസം. പപ്പക്കു ഹസ്തദാനം. മിഠായിയെങ്കിലും ബാലിശ മോഹം പോലെ ഗിഫ്റ്റ് വാങ്ങലും ഉന്മാദം. വിശ്വാസത്തോളം വലുതാണ് പ്രായമായവരോടുള്ള വണക്കവും ഇണക്കവുമെന്നു തഴക്കം വന്നവർക്കും ബോധ്യപ്പെടും. ആ യാഥാർഥ്യമാണ് ക്രിസ്മസ് ആഹ്ലാദത്തിലെ മധുരിമ!
എല്ലാ മതങ്ങളും അനുശാസിക്കുന്ന വിധം ക്രിസ്മസിന്റെ കാതലായ സന്ദേശം ദാന ധർമം തന്നെ. സ്വയം തിന്നു കുടിച്ചു വയറു വീർപ്പിച്ച് പരസ്യം പറഞ്ഞ് ആഹ്ലാദിക്കുന്നതിൽ തെല്ലും അർഥമില്ല. ബാഹ്യമായ സന്തോഷത്തേക്കാൾ ഹൃദയ നിർമലരായി ഉള്ളതിൽ നിന്നും ഉദാരമായി ചെലവഴിക്കുന്നവരാണ് ഭൂമിയിലെ നന്മയുള്ളവർ.