Connect with us

Web Special

വിദ്വേഷ പ്രസംഗം തടയാന്‍ ഉത്തരവുകള്‍ നിരവധി; നടപടിയില്ലാത്തതില്‍ സുപ്രീം കോടതിക്ക് നിരാശ

ജനുവരി 29ന് നടന്ന ഹിന്ദു ജനാക്രോശ് മോര്‍ച്ചയുടെ റാലിയില്‍ മുസ്ലിംകളെ കൊല്ലണമെന്ന് ആക്രോശിച്ചത് ബി ജെ പിയുടെ നിയമസഭാംഗമായ ടി രാജ സിംഗ് ആയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും ആരും നടപടി സ്വീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ കെ എം ജോസഫ്, അനിരുദ്ധ ബോസ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. ഫെബ്രുവരി അഞ്ചിന് മുംബൈയില്‍ ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തിലായിരുന്നു കോടതിയുടെ പ്രതികരണം. ജനുവരി 29നും സമാന പരിപാടി നടന്നെന്നും അതില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമം നടത്താനും ആ സമുദായത്തെ ബഹിഷ്‌കരിക്കാനും ആഹ്വാനങ്ങളുണ്ടായതായും ഹരജിക്കാരന്‍ ധരിപ്പിച്ചു.

ഈ വിഷയത്തില്‍ നിങ്ങളോടൊപ്പമാണ് തങ്ങളെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, ഓരോ തവണയും റാലി തടയാന്‍ കോടതിക്ക് സാധിക്കില്ല. ഇക്കാര്യത്തില്‍ നേരത്തേ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ധാരാളമാണ്. രാജ്യത്തുടനീളം റാലികള്‍ സംഘടിപ്പിക്കുകയും ഓരോ തവണയും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ എന്താണ് ചെയ്യുക? വീണ്ടും വീണ്ടും ഉത്തരവ് പുറപ്പെടുവിക്കാനാണ് താങ്കള്‍ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ധാരാളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ആരും നടപടി സ്വീകരിച്ചിട്ടില്ല. ഓരോ പരിപാടിയുടെ വേളയിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടരുതെന്നും ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനോട് നിര്‍ദേശങ്ങള്‍ തേടുമെന്നും അതുപ്രകാരം വെള്ളിയാഴ്ച ഹരജി പരിഗണിക്കാമെന്നും ബെഞ്ച് പറഞ്ഞപ്പോള്‍ ഹരജിക്കാരന്‍ നിര്‍ബന്ധിക്കുകയും അങ്ങനെ, മഹാരാഷ്ട്രയുടെ അഭിഭാഷകന് ഹരജിയുടെ കോപ്പി നല്‍കാന്‍ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം നാളെ തന്നെ ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ ഹരജി എത്തിക്കാനാകും. ഈ കേസ് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ബെഞ്ച് ഓര്‍മപ്പെടുത്തി.

പരാതിക്ക് കാത്തിരിക്കാതെ ക്രിമിനൽ കേസെടുക്കണം

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ അടിച്ചമര്‍ത്തണമെന്നും പരാതിക്ക് കാത്തിരിക്കാതെ ക്രിമിനല്‍ കേസെടുക്കണമെന്നും ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതില്‍ ഭരണകൂടം കാലതാമസം വരുത്തുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാകുമെന്നും കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിദ്വേഷ പ്രസംഗങ്ങളുണ്ടാകുന്ന തരത്തില്‍ വമ്പന്‍ റാലികള്‍ നടത്താനാണ് സകല്‍ ഹിന്ദു സമാജത്തിന്റെ നീക്കം. സര്‍ക്കാറിന്റെ അറിവോടെയാണിത്. ജനുവരി 29ന് നടന്ന ഹിന്ദു ജനാക്രോശ് മോര്‍ച്ചയുടെ റാലിയില്‍ മുസ്ലിംകളെ കൊല്ലണമെന്ന് ആക്രോശിച്ചത് ബി ജെ പിയുടെ നിയമസഭാംഗമായ ടി രാജ സിംഗ് ആയിരുന്നു. പുതിയ റാലിയില്‍ 15,000 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. റാലിയില്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വീഡിയോയില്‍ പകര്‍ത്താന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആരും വിദ്വേഷ പ്രസംഗം നടത്തില്ലെന്നും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയോ നിയമലംഘനം നടത്തുകയോ ഇല്ലെന്നുമുള്ള ഉറപ്പിലാണ് പരിപാടിക്ക് അനുമതി നല്‍കുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.