Kerala
അവയവ കച്ചവടക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക.
കൊച്ചി| വൃക്ക കച്ചവട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. വൃക്ക കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മാത്രമാണ് മലയാളിയെന്നും നെടുമ്പാശ്ശേരിയില്‍ പിടിയിലായ പ്രതി സാബിത്ത് മൊഴി നല്‍കിയിരുന്നു. 19 പേര്‍ ഉത്തരേന്ത്യക്കാരായിരുന്നു.
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നതില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്ന് ഐ ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്.
നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി നിര്‍ണായക മൊഴി നല്‍കിയത്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. വൃക്ക നല്‍കിയവര്‍ക്ക് ആറ് ലക്ഷം വീതമാണ് കൈമാറിയതെന്നും പ്രതി മൊഴി നല്‍കി. എന്നാല്‍ കമ്മീഷനായി ലഭിച്ച തുകയുടെ കാര്യം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും മുഖ്യ കണ്ണികള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.