Connect with us

Kerala

അവയവക്കടത്തു കേസ്; സ്വന്തം വൃക്ക വിറ്റ ഷമീറിനെ മാപ്പുസാക്ഷിയാക്കും

ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയില്‍ കേസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Published

|

Last Updated

കൊച്ചി | ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കെണിയില്‍ പെട്ട പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. മലയാളിയായ സാബിത്തിന്റെ നേതൃത്വത്തിലുള്ള അവയവക്കടത്ത് സംഘത്തിലകപ്പെട്ട് വൃക്ക നല്‍കിയ ശമീര്‍ കഴിഞ്ഞ ദിവസം കോയന്പത്തൂരില്‍ നിന്ന് പിടിയിലാവുകയായിരുന്നു.ടെഹ്‌റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണ് നീക്കം.

കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലേക്ക് പോയ ഷമീര്‍ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

കേസില്‍ പോലീസ് അന്വേഷണം നടന്ന സമയം മുതല്‍ ശമീറിനെ കാണാതായിരുന്നു. വീട്ടുകാര്‍ക്കും ഇയാളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ശമീര്‍ തെഹ്‌റാനില്‍ പോയി അവയവ വില്‍പ്പന നടത്തിയ ശേഷം തിരികെ എത്തിയിരുന്നു. തുടര്‍ന്ന് ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായി. പിന്നീടാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത ശമീറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അവയവക്കടത്ത് കേസില്‍ മുഖ്യപ്രതിയായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദിനെ ഈ മാസം ആദ്യം ഹൈദരാബാദില്‍ പിടികൂടിയിരുന്നു. കൊച്ചിയില്‍ പിടിയിലായ മലയാളി സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ പിടികൂടിയത്.ബല്ലംകോണ്ട രാം പ്രസാദിനെ ആലുവയിലേക്ക് എത്തിച്ച് അന്വേഷണം തുടരുകയാണ്.

ഹൈദരാബാദും ബെംഗളൂരുവും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശമീര്‍ കസ്റ്റഡിയിലായത്.
അവയവദാതാക്കളില്‍ ആരും ഇതുവരെ പരാതിക്കാരായി ഇല്ലാത്ത സാഹചര്യത്തില്‍ ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയില്‍ കേസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

 

---- facebook comment plugin here -----

Latest