Connect with us

Uae

മനാമ സൂഖിലെ തീപ്പിടുത്തത്തിന് ഇരയാവര്‍ക്ക് കൈത്താങ്ങുമായി സംഘടനകള്‍

നാല് സംഘടനകളില്‍ തുടങ്ങി പത്ത് ദിവസം കൊണ്ട് തന്നെ 50 ഓളം സംഘടനകള്‍ കൂട്ടായ്മയ്ക്ക് പിന്തുണ അറിയിക്കാന്‍ രംഗത്തെത്തി

Published

|

Last Updated

മനാമ |  ജീവിതത്തിന്റെ സ്വപ്നങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളുമെല്ലാം പത്തു മിനുട്ട് കൊണ്ട് അഗ്‌നി ചാരമാക്കിയപ്പോള്‍ ആലംബഹീനരായിത്തീര്‍ന്ന ഒരു കൂട്ടം ആളുകള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ബഹ്റൈന്‍ മനാമ സൂഖ് ഫയര്‍ ഹെല്‍പ്പ് ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. സാന്ത്വനമേകാന്‍ തയാറായി 65 ഓളം സംഘടനകള്‍ എത്തി. ഇവയില്‍ 99 ശതമാനം സംഘടനകളും മലയാളി സമൂഹത്തില്‍ നിന്നാണ്.

അഗ്‌നിബാധ ഉണ്ടായ അടുത്ത ദിവസങ്ങളില്‍ തന്നെയാണ് മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇത്തരം ഒരു കൂട്ടായ്മ രൂപീകരിച്ചത്. നാല് സംഘടനകളില്‍ തുടങ്ങി പത്ത് ദിവസം കൊണ്ട് തന്നെ 50 ഓളം സംഘടനകള്‍ കൂട്ടായ്മയ്ക്ക് പിന്തുണ അറിയിക്കാന്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം മനാമ കെ-സിറ്റിയില്‍ ഇതില്‍ ഉള്‍പ്പെട്ട സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ ബഹ്റൈന്‍ നിയമങ്ങള്‍ക്കനുസൃതമായി തങ്ങളാല്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ തയാറാണെന്ന് എല്ലാവരും ഉറപ്പ് നല്‍കി.

കൂടാതെ ഇന്ത്യന്‍ എംബസിയുടെയും ബഹ്റൈന്‍ അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്‌പോണ്‍സര്‍മാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവര്‍ക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കുവാന്‍ യോഗം തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് ആക്ഷന്‍ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് യാത്രാ കിറ്റുകളും, ഇന്ത്യന്‍ എംബസി മുഖേന ഫ്‌ലൈറ്റ് ടിക്കറ്റുകളും നല്‍കിയിരുന്നു.

 

Latest