Connect with us

Kerala

സംഘടിത സകാത്ത് ഇസ്ലാമികമല്ല: കാന്തപുരം

കോഴിക്കോട് പന്തീരങ്കാവില്‍ നിര്‍മിച്ച ശൈഖ് അബൂബക്കര്‍ ടവര്‍ സമര്‍പ്പിച്ചു. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ 49 സെന്റ് ഭൂമിയില്‍ മൊത്തം ആറ് നിലകളിലായി 60,000 സ്‌ക്വയര്‍ ഫീറ്റിലാണ് എസ് എ ടവര്‍.

Published

|

Last Updated

ഹസ്രത്ത് അല്ലാമ മൗലാന മെഹ്ദി മിയ ചിശ്ത്തി അജ്മീര്‍ എസ് എ ടവറിന്റെ മിനിയേച്ചര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി എസ് എ ടവര്‍ സമര്‍പ്പിക്കുന്നു

കോഴിക്കോട് | സംഘടിത സകാത്ത് ഇസ്ലാമികമല്ലെന്ന് ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സുന്നി പ്രാസ്ഥാനിക കുടുംബം കോഴിക്കോട് പന്തീരങ്കാവില്‍ നിര്‍മിച്ച ശൈഖ് അബൂബക്കര്‍ ടവര്‍ സമര്‍പ്പണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ഇസ്ലാമിനെ നല്ല കുപ്പിയിലിട്ട് മായം ചേര്‍ത്തി കുടിപ്പിക്കുന്ന രീതിയാണിത്. സകാത്ത് എങ്ങനെ കൊടുക്കണമെന്ന് പൂര്‍വികരായ ഇസ്ലാമിക കര്‍മ ശാസ്ത്ര പണ്ഡിതര്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇതിനെയെല്ലാം ആക്ഷേപിക്കുകയും സംഘടിത സകാത്ത് അംഗീകരിക്കാനാകില്ലെന്ന് പറയുന്ന സുന്നികള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുകയുമാണ് ചിലര്‍- കാന്തപുരം വ്യക്തമാക്കി.

തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ 49 സെന്റ് ഭൂമിയില്‍ മൊത്തം ആറ് നിലകളിലായി 60,000 സ്‌ക്വയര്‍ ഫീറ്റിലാണ് എസ് എ ടവര്‍. മൂന്ന് നിലകളിലുള്ള 25,600 സ്‌ക്വയര്‍ഫീറ്റ് കെട്ടിടമാണ് ആദ്യഘട്ടത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് സ്‌നേഹാദരമായി കോഴിക്കോട് ജില്ലയിലെ സുന്നി സംഘടനാ കുടുംബം ഇന്നലെ സമര്‍പ്പിച്ചത്.

ജില്ലയിലെ സുന്നി സംഘടനകളുടെ ആസ്ഥാനമായാണ് ശൈഖ് അബൂബക്കര്‍ ടവര്‍ പ്രവര്‍ത്തിക്കുക. ഖാസി ഹൗസ്, മുസാഫിര്‍ ഖാന, പ്രവാസി കോര്‍ണര്‍, ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, യാത്രക്കാരായ സ്ത്രീകള്‍ക്കുള്ള വിശ്രമ കേന്ദ്രം, നഗരത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് ടവറില്‍ ഒരുക്കുന്നത്.

ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ടവര്‍ സമര്‍പ്പണത്തിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ല്യാര്‍, മൗലാന മെഹ്ദു മിയ ചിശ്തി അജ്മീര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ജി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി മുഹമ്മദ് ഫൈസി , സയ്യിദ് ത്വാഹാ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എം എല്‍ എമാരായ അഹ്മദ് ദേവര്‍കോവില്‍, അഡ്വ. പി ടി എ റഹീം സംബന്ധിച്ചു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സ്വാഗതവും സലീം അണ്ടോണ നന്ദിയും പറഞ്ഞു.

Latest