Connect with us

Editorial

ചര്‍ച്ച് ആക്ടിലേക്ക് വിരല്‍ചൂണ്ടി ഓര്‍ഗനൈസര്‍

ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേന്ദ്ര സര്‍ക്കാര്‍ സാവകാശം കാണിച്ചേക്കാം. അത് കഴിഞ്ഞാല്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്.

Published

|

Last Updated

വഖ്ഫ് ഭേദഗതി നിയമത്തിന് പിന്നാലെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചര്‍ച്ച് ബില്ല് ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറെന്നാണ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ച പ്രത്യക്ഷപ്പെട്ട ലേഖനം വിരല്‍ചൂണ്ടുന്നത്. കത്തോലിക്കാ സഭയുടെ വശമുള്ള സ്വത്തുക്കളുടെ വിശദമായ വിവരമടങ്ങുന്ന ലേഖനത്തില്‍ ഇവയില്‍ ഭൂരിഭാഗവും അനധികൃതമാണെന്നും ചൂണ്ടിക്കാട്ടുന്നു. കൂടുതലും ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്കാ സഭക്ക് ഭൂസ്വത്ത് കിട്ടിയത്. ബ്രിട്ടീഷുകാര്‍ പാട്ടത്തിനു നല്‍കിയ സ്ഥലങ്ങള്‍ സഭയുടെ സ്വത്തായി പരിഗണിക്കില്ലെന്ന് 1965ല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും അവ തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ കത്തോലിക്കാ സഭയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂസ്വത്ത് ഉടമയെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. 20,000 കോടി രൂപ മൂല്യം വരുന്ന 17.29 കോടി ഏക്കര്‍ ഭൂമിയുണ്ട് കത്തോലിക്കാ സഭക്ക്. ഈ ഭൂമിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്നു. 2012ലെ കണക്ക് പ്രകാരം 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍/നഴ്സിംഗ് സ്ഥാപനങ്ങള്‍, 28 ജനറല്‍ കോളജുകള്‍, അഞ്ച് എന്‍ജിനീയറിംഗ് കോളജുകള്‍, 3,765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7,319 പ്രൈമറി സ്‌കൂളുകള്‍, 3,187 നഴ്സിംഗ് സ്‌കൂളുകള്‍ എന്നീ സ്ഥാപനങ്ങളുണ്ട് കത്തോലിക്കാ സഭക്ക് കീഴില്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ ബി ജെ പി കൊണ്ടുപിടിച്ച ശ്രമം നടത്തി വരവെ ലേഖനം അതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയില്‍ വെബ്സൈറ്റില്‍ നിന്ന് അത് പിന്‍വലിച്ചെങ്കിലും ആര്‍ എസ് എസിന്റെ ഉള്ളിലിരിപ്പ് ഇതിലൂടെ പുറത്തായിരിക്കുകയാണ്. ആശങ്കയില്ലെന്ന് പറയുന്നുണ്ടെങ്കിലും ക്രൈസ്തവ സഭകള്‍ക്ക് പാടേ തള്ളിക്കളയാനാകില്ല ലേഖനമുയര്‍ത്തുന്ന വെല്ലുവിളി. ഓര്‍ഗനൈസര്‍ പിന്‍വലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ലേഖനം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിനിടെ ഫാദര്‍ അജി പുതിയപറമ്പില്‍ സഭക്കെതിരെ ഉന്നയിച്ച രൂക്ഷവിമര്‍ശവും ശ്രദ്ധേയമാണ്. വഖ്ഫ് ബില്ലിലെ അതേ വ്യവസ്ഥകളടങ്ങുന്ന ചര്‍ച്ച് ബില്ല് അവതരിപ്പിക്കുകയും മുസ്ലിംകള്‍ അതിനെ പിന്തുണക്കുകയും ചെയ്താല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെയും സഭാ നേതൃത്വത്തിന്റെയും നിലപാട് എന്തായിരിക്കുമെന്നാണ് ഫാദര്‍ അജി പുതിയപറമ്പിലിന്റെ ചോദ്യം. വഖ്ഫ് ഭേദഗതി ബില്ലിനെ ക്രിസ്ത്യന്‍ സഭ പിന്തുണച്ചതും അനുകൂലമായി വോട്ട് ചെയ്യാന്‍ കേരളത്തിലെ എം പിമാരോട് ആവശ്യപ്പെട്ടതും തനിച്ച വങ്കത്തവും രാഷ്ട്രീയ അവിവേകവുമായിപ്പോയി. അപകടകരമായ രാഷ്ട്രീയ സാമുദായിക വിഭജന ഫോര്‍മുലയാണ് ഇതുവഴി കെ സി ബി സി പാര്‍ലിമെന്റ് അംഗങ്ങളുടെ മുമ്പാകെ വെച്ചത്. രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ അവിവേകമാണിതെന്നും ഫാദര്‍ അഭിപ്രായപ്പെട്ടു. വഖ്ഫ് വിഷയത്തില്‍ ഇങ്ങനെയാണോ ഇടപെടേണ്ടിയിരുന്നതെന്ന് ക്രൈസ്തവ നേതൃത്വം ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ തന്നെ സര്‍ക്കാറുകളുടെ പരിഗണനയിലുള്ളതാണ് ചര്‍ച്ച് ആക്ട്. ജസ്റ്റിസ് കൃഷ്ണയ്യര്‍ 2009ല്‍ സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ച ഒരു ശിപാര്‍ശയില്‍ ചര്‍ച്ച് ആക്ടിന്റെ ആവശ്യകതയെക്കുറിച്ച് (ക്രൈസ്തവ സ്വത്തുക്കളുടെ നിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം) ഉണര്‍ത്തുകയും വി എസ് സര്‍ക്കാറിന്റെ പരിഗണനക്ക് വരികയും ചെയ്തിരുന്നു. മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ വഖ്ഫ് ബോര്‍ഡുണ്ട്. ഹൈന്ദവര്‍ക്ക് ദേവസ്വം ബോര്‍ഡുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഇതുപോലുള്ള സര്‍ക്കാര്‍ സംവിധാനമില്ല. സഭാ നേതൃത്വമാണ് അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഒട്ടും പങ്കാളിത്തമില്ലാത്ത കൈകാര്യ രീതി. ഇതിനൊരു ജനാധിപത്യ സ്വഭാവം കൈവരണമെന്നും ക്രിസ്തീയ സ്വത്തുക്കളുടെ കൈകാര്യ കര്‍തൃത്വത്തിന് ത്രിതല സ്വഭാവത്തില്‍ സംവിധാനം ആവശ്യമാണെന്നുമായിരുന്നു കൃഷ്ണയ്യരുടെ കാഴ്ചപ്പാട്. താഴെത്തട്ടില്‍ വിശ്വാസികള്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു ഗവേര്‍ണിംഗ് ബോര്‍ഡി, അതിനു തൊട്ടു മുകളില്‍ രൂപതാ തലത്തില്‍ സമിതി, അതിനും മുകളില്‍ സംസ്ഥാന തലത്തില്‍ ആര്‍ച്ച് ബിഷപോ കര്‍ദിനാളോ നേതൃത്വം നല്‍കുന്ന സമിതി എന്നിങ്ങനെയാണ് കൃഷ്ണയ്യര്‍ നിര്‍ദേശിച്ച സംവിധാനം. ഇതിനു പുറമെ സര്‍ക്കാര്‍ ഓഡിറ്റും വേണം. ക്രിസ്തീയ സഭയില്‍ നിന്നുള്ള എതിര്‍പ്പ് മൂലം വി എസ് സര്‍ക്കാറിന് അത് നടപ്പാക്കാനായില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ കെ ടി തോമസിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. കൃഷ്ണയ്യര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനേക്കാള്‍ സ്വത്തുക്കളുടെ കൈകാര്യകര്‍തൃത്വത്തില്‍ സഭാ നേതൃത്വത്തിനു കൂടുതല്‍ അധികാരം കൈവരുന്ന ഒരു രീതിയായിരുന്നു അദ്ദേഹം സമര്‍പ്പിച്ചത്. അതുപോലും സഭയുടെ എതിര്‍പ്പ് മൂലം നടപ്പാക്കാനായില്ല.

കേരളത്തില്‍ സഭാ നേതൃത്വത്തിന്റെ വിരോധം ഏറ്റുവാങ്ങിയാല്‍ ക്രിസ്ത്യന്‍ വോട്ട്ബേങ്ക് നഷ്ടമാകുമെന്ന ഭീതി മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ടടിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ ബി ജെ പിയും ആര്‍ എസ് എസും ഇത്തരം നിലപാടെടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നോക്കിയല്ല, അതവരുടെ ക്രിസ്ത്യാനികളോടുള്ള താത്വിക നിലപാടിനെ ആശ്രയിച്ചിരിക്കും. മുസ്‌ലിംകളെ പോലെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് ക്രിസ്ത്യാനികളുമെന്നാണ് അവരുടെ നിലപാട്. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തെമ്പാടും അരങ്ങേറുന്ന അക്രമങ്ങളില്‍ നിന്ന് ഇത് വ്യക്തവുമാണ്. കേരളത്തിലെ ക്രൈസ്തവ സഭ വഖ്ഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ആഹ്വാനം നല്‍കിയ ഘട്ടത്തില്‍ തന്നെയായിരുന്നു ജബല്‍പൂരില്‍ മലയാളി വൈദികനെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ചത്. ഒരുപക്ഷേ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേന്ദ്രസര്‍ക്കാര്‍ സാവകാശം കാണിച്ചേക്കാം. അത് കഴിഞ്ഞാല്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്. എം പിയും ലത്തീന്‍ കത്തോലിക്കാ സമുദായാംഗവുമായ ഹൈബി ഈഡന്‍ പാര്‍ലിമെന്റില്‍ വഖ്ഫ് ബില്ല് ചര്‍ച്ചാ വേളയില്‍ ഈ ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി. ഇതുതന്നെയാണ് ഓര്‍ഗനൈസര്‍ നല്‍കുന്ന സൂചനയും.

 

Latest