manmohan singh passed away
അനാഥ ബാല്യം; പഠന മികവിൽ ഉയരങ്ങളിൽ; രണ്ട് തവണ പ്രധാനമന്ത്രി
സാമ്പത്തിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കരുത്ത് പകർന്നു.
ന്യൂഡൽഹി | ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ എന്തുകൊണ്ടും സവിശേഷ സാന്നിധ്യം അലങ്കരിച്ച വ്യക്തിത്വമായിരുന്നു മൻമോഹൻ സിംഗ്. സാമ്പത്തിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കരുത്ത് പകർന്നു. രണ്ട് തവണ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന മൻമോഹൻ സിംഗ് അധികാരത്തിന്റെ ഹുങ്ക് കാണിക്കാത്ത സൗമ്യ വ്യക്തിത്വത്തിന് ഉടമയായിരന്നു.
1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്. ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ മാതാവ് മരിച്ചതിനാൽ പിതാവിന്റെ അമ്മയാണ് കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിംഗ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു. 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിംഗ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു. അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്. 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി.
1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1980-1982 കാലത്ത് മൻമോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിംഗ് നിയമിതനായി. ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മൻമോഹൻ സിംഗ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം.
ജനീവയിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1991 ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. ആസ്സാം സംസ്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 1995,2001,2007 ലും പിന്നീട് 2013 ലും തിരഞ്ഞെടുക്കപ്പെട്ടത് ആസ്സാം സംസ്ഥാനത്തിൽ നിന്നാണ്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിംഗ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണയിൽ തുടർച്ചയായി 33 വർഷം കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിംഗ് 2024 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രായാധിക്യത്തിൻ്റെ അവശതകൾ മൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
1991-96 കാലഘട്ടത്തില്‍ ഡോ. സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.
2004 മെയ് 22 ന് മൻമോഹൻ സിംഗ് ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ്സ് മറ്റു കക്ഷികളുമായി കൂടിച്ചേർന്ന് യു.പി.എ സഖ്യം രൂപീകരിക്കുകയും മന്ത്രിസഭക്കുള്ള തങ്ങളുടെ അവകാശം ഉന്നയിക്കുകയും ചെയ്തു. യു.പി.എ ചെയർമാൻ ആയ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങിന്റെ പേരു നിർദ്ദേശിക്കുകയായിരുന്നു.
22 മെയ് 2009 ന് മൻമോഹൻ സിംഗ് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇതോടെ അഞ്ചു വർഷം പൂർത്തിയാക്കിയശേഷം വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെയാളായി മൻമോഹൻ സിംഗ്. ജവഹർലാൽ നെഹ്രു ആയിരുന്നു ആദ്യത്തെ വ്യക്തി.
നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്‍റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്സ്ഫോഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.
ഗുർശരൺ കൗർ ആണ് ഭാര്യ. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ് എന്നിവർ മക്കളാണ്.