Kerala
ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ
ആശമാരുടെ പ്രശ്നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണം. കര്‍ഷകരും തീരദേശ ജനതയും ദുരിതത്തിലാണെന്നും കത്തോലിക്കാ ബാവ.

കോട്ടയം | ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. ആശമാര്‍ വീട്ടമ്മമാരാണ്. രണ്ട് മാസത്തിലധികമായി അവര്‍ സമരം ചെയ്യുന്നു. നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും കത്തോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യു തൃതീയന്‍ പറഞ്ഞു.
ആശമാരുടെ പ്രശ്നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണം. കര്‍ഷകരും തീരദേശ ജനതയും ദുരിതത്തിലാണെന്നും കത്തോലിക്കാ ബാവ പ്രതികരിച്ചു. ദുരിതങ്ങളില്‍ കഴിയുന്നവര്‍ക്ക് ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രത്യാശയേകണമെന്നും ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബാവ പറഞ്ഞു.
മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ട്. സര്‍ക്കാര്‍ അവരുടെ പ്രശ്‌നം പരിഹരിക്കണമെന്നും ബാവ ആവശ്യപ്പെട്ടു. കേരളത്തില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്ളവര്‍ സൗഹാര്‍ദത്തോടെ കഴിയുന്നു. ആ അന്തരീക്ഷത്തില്‍ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തിയാണ്. മലങ്കര സഭയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കണം. മുന്‍ കാലത്തേതുപോലെ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രത്യാശയുണ്ടെന്നും മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കത്തോലിക്ക ബാവ പറഞ്ഞു.
സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്നതിലും കത്തോലിക്കാ ബാവ ആശങ്ക പ്രകടിപ്പിച്ചു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.