Ongoing News
തിരിച്ചുവരവില്‍ കാലിടറി ഒസാക; ആസ്‌ത്രേലിയന്‍ ഓപണിലെ ആദ്യ റൗണ്ടില്‍ പുറത്ത്
ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍ഷ്യയാണ് ലോക രണ്ടാം നമ്പറായ ഒസാകയെ പരാജയപ്പെടുത്തിയത് (6-4, 7-6).
മെല്‍ബോണ്‍ | ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവില്‍ തോല്‍വിയുടെ കയ്പ്പറിഞ്ഞ് ജപ്പാന്‍ താരം നവോമി ഒസാക. ആസ്‌ത്രേലിയന്‍ ഓപണിലെ ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍ഷ്യയാണ് ലോക രണ്ടാം നമ്പറായ ഒസാകയെ പരാജയപ്പെടുത്തിയത് (6-4, 7-6).
പ്രസവാവധി കഴിഞ്ഞുള്ള മടങ്ങിവരവിലാണ് ഒസാകക്ക് തിരിച്ചടിയേറ്റത്. കോര്‍ട്ടില്‍ നിന്ന് 15 മാസത്തോളം വിട്ടുനിന്ന ശേഷം രണ്ടാഴ്ച മുമ്പു മാത്രം മടങ്ങിയെത്തിയ ഒസാകക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് സൂചിപ്പിക്കുന്ന പ്രകടനമാണ് ഗാര്‍ഷ്യ പുറത്തെടുത്തത്.
മത്സരത്തിലെ അഞ്ചാം ഗെയിമില്‍ ഒസാക വരുത്തിയ ഡബിള്‍ ഫോള്‍ട്ടില്‍ നിന്നാണ് ഗാര്‍ഷ്യ ആദ്യ ബ്രേക്ക് പോയിന്റ് നേടിയത്. ഇതിലൂടെ നേടിയ മുന്‍തൂക്കം മത്സരം അനുകൂലമാക്കുന്നതില്‍ ഗാര്‍ഷ്യയെ തുണച്ചു. എട്ടാം ഗെയിം ഡ്യൂസിലെത്തിച്ച ശേഷമുള്ള ഒസാകയുടെ ബേക്ക് ഹാന്‍ഡ് ഷോട്ട് നെറ്റില്‍ പതിച്ചു. പിന്നീട് തുടര്‍ച്ചയായ രണ്ട് എയ്‌സുകളിലൂടെ ഗാര്‍ഷ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ ആദ്യ മൂന്ന് സര്‍വീസ് ഗെയിമുകള്‍ നേടിയ ഒസാക പക്ഷെ, ഗാര്‍ഷ്യയുടെ ശക്തമായ സര്‍വുകള്‍ക്കു മുമ്പില്‍ നിസ്സഹായയായി. ഒന്നാം സെറ്റിനെ അപേക്ഷിച്ച് കടുത്ത പോരാട്ടമാണ് രണ്ടാമത്തേതില്‍ നടന്നത്. ടൈ ബ്രേക്കിലൂടെയാണ് രണ്ടാം സെറ്റിന്റെ ഫലം നിര്‍ണയിക്കപ്പെട്ടത്. ആദ്യ മാച്ച് പോയിന്റ് നേടിയ ഗാര്‍ഷ്യ, തുടര്‍ന്നുള്ള ഒസാകയുടെ ബേക്ക് ഹാന്‍ഡ് നെറ്റില്‍ പതിച്ചതോടെ മത്സരവും പോക്കറ്റിലാക്കുകയായിരുന്നു.
ആസ്‌ത്രേലിയന്‍ ഓപണില്‍ എട്ട് തവണ പങ്കെടുത്തതില്‍ ഇതാദ്യമായാണ് ഇത്ര വേഗത്തില്‍ ഒസാക പുറത്താകുന്നത്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുന്നത് ഇത് മൂന്നാം തവണയും. 2022ലെ ഫ്രഞ്ച്, യു എസ് ഓപണ്‍ ടൂര്‍ണമെന്റുകളിലാണ് ഇതിനു മുമ്പ് താരം ആദ്യ റൗണ്ടില്‍ പുറത്തായത്.