Editors Pick
ഒസാമു സുസുക്കി; ഇന്ത്യയിലെ സാധാരണക്കാരൻ്റെ സ്വപ്‌നം സാക്ഷാത്‌കരിച്ച ജപ്പാൻകാരൻ
വർഷങ്ങൾ മുമ്പ് ഇന്ത്യയിലെ സാധാരണക്കാനെയും കാർ വാങ്ങാൻ പ്രാപ്‌തനാക്കിയ വാഹന നിർമാണമേഖലയിലെ അതികായകനാണ് കഴിഞ്ഞദിവസം അന്തരിച്ച ഒസാമു സുസുക്കി
വർഷങ്ങൾ മുമ്പ് ഇന്ത്യയിലെ സാധാരണക്കാനെയും കാർ വാങ്ങാൻ പ്രാപ്‌തനാക്കിയ വാഹന നിർമാണമേഖലയിലെ അതികായകനാണ് കഴിഞ്ഞദിവസം അന്തരിച്ച ഒസാമു സുസുക്കി (94). പേരുകൊണ്ടുതന്നെ മുൻപ് കേട്ടിട്ടില്ലാത്തവരും അദ്ദേഹത്തെ തിരിച്ചറിയും. അതെ ജപ്പാൻ്റെ ആഗോള ബ്രാൻഡായ സുസുക്കിയുടെ മുൻ ചെയർമാൻ.
ഇന്ത്യക്കാർക്ക് ഒസാമു, സുസുക്കിയുടെ ചെയർമാൻ മാത്രമല്ല. മാരുതി സുസുക്കി സ്ഥാപകനാണ്. മാരുതി 800 കാറിലൂടെ ഇന്ത്യയിൽ കുടുംബ വാഹന വിപ്ലവത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. സാധാരണക്കാരന് ഒരു കാർ എന്ന സ്വപ്‌നം മാരുതി 800ലൂടെ അദ്ദേഹം ലക്ഷ്യം കണ്ടു. പ്രസിഡൻ്റ്, സിഇഒ, ചെയർമാൻ എന്നീ നിലകളിൽ സുസുക്കി കമ്പനിക്ക് 4 പതിറ്റാണ്ടിലേറെ നേതൃത്വം നൽകിയ അദ്ദേഹം, ഇന്ത്യയെ ലോകത്തെ പ്രമുഖ വാഹന വിപണിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ജപ്പാനിലെ ചെറുകാർ നിർമാതാക്കളായിരുന്ന സുസുക്കിയെ ആഗോള ബ്രാൻഡ് ആക്കി മാറ്റിയത് ഒസാമുവിൻ്റെ ദീർഘ വീക്ഷണമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാർ നിർമാണ പ്ലാൻ്റുകൾ തുടങ്ങിയ അദ്ദേഹം, തുടർന്ന് ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു.
2021ലാണ് ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ചത്. ഇന്ത്യൻ വാഹന വ്യവസായത്തിനു നൽകിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ്റെ ദേശീയ ബഹുമതിയായ സിതാര–ഇ പാക്കിസ്ഥാനും ലഭിച്ചിട്ടുണ്ട്.