Connect with us

Articles

അരികുവത്കരിക്കപ്പെടരുത് നമ്മുടെ ഭരണഘടന

വിശക്കുന്നവന് അന്നവും ഉടുതുണിയില്ലാത്തവന് വസ്ത്രവും സ്വന്തം കഴിവിനാല്‍ ഉയര്‍ന്നുവരാന്‍ ഓരോരുത്തര്‍ക്കുമുള്ള തുല്യാവകാശവും നടപ്പാകാത്തിടത്തോളം ഭരണഘടനക്ക് കടലാസിനപ്പുറം വിലയില്ല എന്ന് നെഹ്‌റു പറഞ്ഞു വെച്ചു. വ്യക്തികളുടെ വോട്ടുകള്‍ക്ക് തുല്യ മൂല്യവും ഓരോരുത്തര്‍ക്കും തുല്യ അവകാശവുമാണെങ്കിലും ചൂഷണവും അസന്തുലിതത്വവും നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷം നിലനില്‍ക്കുന്നിടത്തോളം ഭരണഘടന ഏട്ടിലെ പശുവായിരിക്കും എന്ന് അംബേദ്കറും നിരീക്ഷിച്ചിട്ടുണ്ട്.

Published

|

Last Updated

ന്റെ പ്രായത്തേക്കാള്‍ മൂന്ന് പതിറ്റാണ്ടിനടുത്ത് പഴക്കമുള്ള ഒരു ദേശത്തിന്റെ രാഷ്ട്ര പ്രഖ്യാപന വാര്‍ഷിക ആഘോഷത്തിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇത്തവണ പങ്കെടുക്കുന്നു. ഇന്തോ- ഫ്രാന്‍സ് തന്ത്രപ്രധാന സഹകരണത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികമെന്ന പ്രത്യേകത കൂടി 2024ന് ഉണ്ട്. സ്വാതന്ത്ര്യവും സമത്വവും തുല്യനീതിയും സാഹോദര്യവും മുഴുവന്‍ പൗരന്‍മാര്‍ക്കും ആമുഖത്തില്‍ തന്നെ വാഗ്ദാനം ചെയ്ത മഹത്തായ ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തിലായിട്ട് ഇന്നേക്ക് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്.

ഭരണഘടനാ നിര്‍മാണസഭ അതിന്റെ ചരിത്രത്തിലെ അവസാന യോഗം 1950 ജനുവരി 24ന് ചേര്‍ന്ന് ഭരണഘടന അന്തിമമായതായി അറിയിക്കുമ്പോള്‍ പിറന്നു വീണത് ഇരുപതാം നൂറ്റാണ്ട് ജന്മം നല്‍കിയ ഏറ്റവും ഉത്കൃഷ്ടമായ രാജ്യഭരണാവലിയായിരുന്നു. ജനുവരി 26ന് ഇന്ത്യ റിപബ്ലിക്കായി പ്രഖ്യാപിച്ചതോടെ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നു.  1930 ജനുവരി 26നാണ് പൂര്‍ണ സ്വരാജ് എന്ന ആശയത്തിനു വേണ്ടി സന്ധിയില്ലാത്ത പോരാട്ടത്തിന് തയ്യാറെടുക്കുന്നതായി എ ഐ സി സി പ്രഖ്യാപിച്ചത്. ജനുവരി 26 എന്ന തീയതിയില്‍ 1950ല്‍ ഇന്ത്യ റിപബ്ലിക്കായി മാറിയതിന് അങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ട്.

1935ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് അനുസരിച്ചാണ് 1950 ജനുവരി 26 വരെ ഇന്ത്യയില്‍ ഭരണം നിര്‍വഹിക്കപ്പെട്ടത്. ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ 321 അനുഛേദങ്ങളും 10 പട്ടികയുമുള്ള ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രവിശ്യകള്‍ക്കും നാട്ടുരാജ്യങ്ങള്‍ക്കും ഭരണ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയെങ്കിലും വീറ്റോ അധികാരം ബ്രിട്ടീഷ് പരമാധികാരത്തില്‍ കൃത്യമായി നിലനിര്‍ത്തിയിരുന്നു. നെഹ്റു അധ്യക്ഷം വഹിച്ച 1936ലെ ലക്‌നോ കോണ്‍ഗ്രസ്സ് സമ്മേളനമാണ് സ്വതന്ത്ര ഇന്ത്യന്‍ ഭരണഘടനക്കു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത്. 1940 ആഗസ്റ്റില്‍ വൈസ്രോയിയായിരുന്ന ലിന്‍ലിത്ഗോ പ്രഭു ആ ആശയം അംഗീകരിച്ചതോടെ ഇന്ത്യ സ്വന്തമായ ഭരണഘടന എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടു വെച്ചു.

ഇന്ത്യന്‍ ഭരണഘടന

ഭരണഘടന പൂര്‍ത്തിയാക്കി പ്രാബല്യത്തില്‍ വന്നതിന്റെ വിളംബരവും ആഘോഷവുമാണ് റിപബ്ലിക് ദിനാചരണം. അതുകൊണ്ട് തന്നെ ഓരോ റിപബ്ലിക് ദിനവും ഭരണഘടനാ പൂര്‍ത്തീകരണത്തിന്റെ വാര്‍ഷികങ്ങള്‍ കൂടിയാണ്. രണ്ട് വര്‍ഷവും പതിനൊന്ന് മാസവും പതിനെട്ട് ദിവസവുമെടുത്ത് 114 യോഗങ്ങള്‍ വിളിച്ചുകൂട്ടി ആഴമേറിയ ഗഹന ചര്‍ച്ചകളും സംവാദവും ആരോഗ്യകരമായ വാദപ്രതിവാദങ്ങളും പൊതു അഭിപ്രായ രൂപവത്കരണവും നടത്തിയാണ് ഭരണഘടനാ അസ്സംബ്ലി തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയത്.

1946 ജനുവരിയിലാണ് ഇന്ത്യയിലെ അവസാന പ്രവിശ്യാതിരഞ്ഞെടുപ്പ് നടക്കുന്നത്. 1946 മാര്‍ച്ചിലെ ക്യാബിനറ്റ് മിഷന്‍ തീരുമാനമനുസരിച്ച് ഭരണഘടനാ നിര്‍മാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രവിശ്യാ നിയമസഭാംഗങ്ങള്‍ പ്രാതിനിധ്യ സ്വഭാവത്തോടെ വോട്ട് ചെയ്താണ് ഭരണഘടനാ അസ്സംബ്ലി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ്സ് 208 സീറ്റിലും സര്‍വേന്ത്യാ മുസ്ലിം ലീഗ് 73 സീറ്റിലും മറ്റുള്ള ചെറുപാര്‍ട്ടികള്‍ 15 സീറ്റിലും വിജയിച്ചു. ഇതിനു പുറമെ രാജഭരണ പ്രദേശങ്ങളില്‍ നിന്ന് നിയമിതരായ 93 പേര്‍ കൂടി ചേര്‍ന്ന് 389 ആയിരുന്നു ഭരണഘടനാ നിര്‍മാണ സഭയുടെ അംഗസംഖ്യ.

ഇതില്‍ 15 പേര്‍ സ്ത്രീകളായിരുന്നു. 1946 ഡിസംബര്‍ ഒമ്പതിന് ആദ്യ മീറ്റിംഗ് ചേര്‍ന്നെങ്കിലും വിഭജന പശ്ചാത്തലത്തില്‍ ലീഗ് ബഹിഷ്‌കരിച്ചു. പാകിസ്താന്‍ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം 28 ലീഗ് അംഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടനാ അസ്സംബ്ലിയില്‍ തുടര്‍ന്നു. 299 അംഗങ്ങളായി ചുരുങ്ങിയ സഭയുടെ ആദ്യ യോഗം 1947 ഡിസംബര്‍ 31നാണ് ചേര്‍ന്നത്. ആ മഹായത്നമാണ് 1950 ജനുവരി അവസാന വാരം പൂര്‍ണതയിലെത്തിയത്.

പരിഷ്‌കൃത ലോകത്തേക്കുള്ള ചുവടുകള്‍ തീര്‍ക്കുന്ന പുരോഗമനാശയങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയെ ലോകപ്രശസ്തമാക്കിയത്. ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടനാ അസ്സംബ്ലിയുടെ ഉപാധ്യക്ഷന്‍ ഹരേന്ദ്ര കൂമര്‍ മുഖര്‍ജിയായിരുന്നു. ക്രിസ്തുമത വിശ്വാസിയായിരുന്ന അദ്ദേഹം ന്യൂനപക്ഷ അവകാശങ്ങള്‍ നിര്‍ണയിക്കാനുള്ള ഉപസമിതി തലവന്‍ കൂടിയായിരുന്നു. പില്‍ക്കാലത്തെ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന മാതൃകയായിട്ടുണ്ട്. ഭരണഘടനാ അസ്സംബ്ലിയുടെ 70 ശതമാനം അംഗങ്ങളും കോണ്‍ഗ്രസ്സ് പ്രതിനിധികളായിരുന്നു.

രാജ്യത്തിന്റെ നല്ല നാളുകളും നന്മയും മുന്‍ നിര്‍ത്തി ആരോഗ്യകരമായ സംവാദങ്ങളില്‍ വീറോടെ ഏര്‍പ്പെട്ട് തങ്ങളുടെ ദൗത്യം ഏറ്റവും മികച്ചതാക്കാന്‍ ഓരോരുത്തും മത്സരിച്ചു പോന്നു. റാഡിക്കല്‍ കമ്മ്യൂണിസ്റ്റുകള്‍, റിവൈവലിസ്റ്റ് ഹിന്ദുക്കള്‍, ഓര്‍ത്തഡോക്സ് ഇന്‍ഡസ്ട്രിയലിസ്റ്റുകള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ പത്രമാധ്യമങ്ങള്‍ വ്യത്യസ്ത ശ്രേണിയില്‍ പ്രതിഷ്ഠിച്ചിരുന്നു.

എന്നാല്‍ വിശക്കുന്നവന് അന്നവും ഉടുതുണിയില്ലാത്തവന് വസ്ത്രവും സ്വന്തം കഴിവിനാല്‍ ഉയര്‍ന്നുവരാന്‍ ഓരോരുത്തര്‍ക്കുമുള്ള തുല്യാവകാശവും നടപ്പാകാത്തിടത്തോളം ഭരണഘടനക്ക് കടലാസിനപ്പുറം വിലയില്ല എന്ന് നെഹ്റു പറഞ്ഞു വെച്ചു. വ്യക്തികളുടെ വോട്ടുകള്‍ക്ക് തുല്യ മൂല്യവും ഓരോരുത്തര്‍ക്കും തുല്യ അവകാശവുമാണെങ്കിലും ചൂഷണവും അസന്തുലിതത്വവും നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷം നിലനില്‍ക്കുന്നിടത്തോളം ഭരണഘടന ഏട്ടിലെ പശുവായിരിക്കും, അത് പുല്ല് തിന്നില്ല എന്ന് അംബേദ്കറും നിരീക്ഷിച്ചിട്ടുണ്ട്.

വര്‍ത്തമാനകാല ഇന്ത്യ

ഭരണഘടനാ നിര്‍മാണ വേളയിലും ഇന്ത്യ റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെടുമ്പോഴും മനുസ്മൃതിക്ക് വേണ്ടി ജനാഭിപ്രായം രൂപവത്കരിക്കാന്‍ ഹിന്ദു മഹാസഭ ശ്രമങ്ങള്‍ നടത്തിയിരുന്നു. ദേശീയ ഗാനം, ദേശീയ പതാക എന്നിവയോടെല്ലാം സംഘ്പരിവാര്‍ പ്രതിലോമകരമായ നിലപാടുകളായിരുന്നു പുലര്‍ത്തിയിരുന്നത്. അവരുടെ അംഗങ്ങള്‍ക്ക് ഭരണഘടനാ അസ്സംബ്ലിയിലേക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ത്യ ഒറ്റക്ക് ഭരിക്കാവുന്ന ഭൂരിപക്ഷത്തിലേക്ക് സംഘ്പരിവാര്‍ വളര്‍ന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അംബേദ്കര്‍ നിരീക്ഷിച്ച നിഷ്‌ക്രിയ അവസ്ഥയിലേക്ക് ഭരണഘടന ഒതുക്കപ്പെടുന്നതിന്റെ ഭീതികള്‍ എല്ലായിടത്തുമുണ്ട്.

പ്രകടമായ വര്‍ഗീയതയും ഭൂരിപക്ഷ സമഗ്രാധിപത്യ ശ്രമങ്ങളും നാമമാത്ര ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടലും ഭരണഘടനാ സ്ഥാപനങ്ങളെ നിശ്ചലമാക്കുന്നതും ഇന്ത്യയുടെ മുഖത്തേറ്റ കറുത്ത പാടുകളായി മാറുകയാണ്. ബ്രിട്ടീഷുകാര്‍ വര്‍ഗീയമായി വിഭജിച്ചു ഭരിക്കാന്‍ വളച്ചൊടിച്ച ചരിത്രത്തെ മൂലധനമാക്കിയാണ് ബി ജെ പി രാജ്യത്തെ ധ്രുവീകരിക്കാന്‍ ഓരോ നിമിഷവും കോപ്പുകൂട്ടുന്നത്.

ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആണിക്കല്ലും മൂലക്കല്ലും ഫെഡറല്‍ വ്യവസ്ഥിതിയാണ്. ഭരണഘടനയുടെ ഒന്നാം അനുഛേദത്തില്‍ അടിവരയിട്ടു പറയുന്നത് ഇന്ത്യ വിവിധ സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്ന രാജ്യമാണ് എന്നാണ്. പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭ സംസ്ഥാനങ്ങളുടെ പ്രതിനിധി സഭയായി ഭരണഘടന വിവക്ഷിക്കുന്നുണ്ട്. സംസ്ഥാന പട്ടികയും കണ്‍കറന്റ് പട്ടികയും തിരുത്താന്‍ ഭൂരിപക്ഷ സംസ്ഥാന അസ്സംബ്ലികളുടെ പിന്തുണയും, ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഭരണഘടന ഉറപ്പ് വരുത്തിയത് സംസ്ഥാനങ്ങളുടെ താത്പര്യ സംരക്ഷണം മുന്‍ നിര്‍ത്തിയാണ്.

എന്നാല്‍ ഏകാധിപത്യ പ്രവണത പുലര്‍ത്താന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത് കാര്യങ്ങളെ അസ്ഥിരപ്പെടുത്തുകയാണ്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുക, സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ ബാധ്യതയില്ലാത്ത സെസും സര്‍ചാര്‍ജും ഇനത്തില്‍ ശതലക്ഷം കോടികള്‍ പിരിച്ചെടുക്കുക, ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന ഭരണം സ്തംഭിപ്പിക്കുക തുടങ്ങിയ അനഭിലഷണീയ പ്രവണതകള്‍ ഇന്ന് സര്‍വ സാധാരണമായിക്കഴിഞ്ഞു. മറ്റൊരു റിപബ്ലിക് ദിനം കൂടി വന്നണയുകയാണ്. രാഷ്ട്ര ശില്‍പ്പികള്‍ വിഭാവനം ചെയ്ത മാതൃകയില്‍ നിന്ന് ബോധപൂര്‍വം രാജ്യത്തെ വഴിതെറ്റിച്ച് നയിക്കാനുള്ള ശ്രമങ്ങള്‍ സര്‍വ നാശകാരിയാണ് എന്ന യാഥാര്‍ഥ്യം വിവേകപൂര്‍വം ഉള്‍ക്കൊള്ളാനും വിനിമയം ചെയ്യാനുമുള്ള അവസരമായി കൂടി ഈ ദിവസത്തെ മാറ്റാന്‍ ദേശാഭിമാനികളായ ഓരോരുത്തരും മുന്നോട്ടു വരേണ്ടതുണ്ട് എന്ന ചിന്ത പങ്കുവെക്കുന്നു.

 

 

 

 

Latest