Articles
നമ്മുടെ രാജ്യമിപ്പോള്‍ ഗാന്ധിയെ തിരയുന്നുണ്ട്
വിഭജനത്തിലൂടെയും ചോരച്ചാലിലൂടെയും പിറന്ന നവ ഇന്ത്യയുടെ കണ്ണീരിലായിരുന്നു താന്‍ കണ്ട ഒരേ ഒരു സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധി. നമുക്കിത്രയും കാലം കൊണ്ട് അക്രമം അവസാനിപ്പിക്കാനായോ? വിഭജനത്തിന്റെ മുറിവുകളെങ്കിലും ഉണക്കാനായോ? പല വര്‍ഗീയാതിക്രമങ്ങളും ലഹളകളും വംശഹത്യകളും സ്വതന്ത്ര ഇന്ത്യ അനുഭവിച്ചുകഴിഞ്ഞു. മണിപ്പൂരില്‍ വിവിധ ഗോത്രങ്ങളിലും മതങ്ങളിലും പെട്ടവര്‍ പരസ്പരം വെട്ടിക്കൊല്ലുന്നു. അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ പോലും സാധ്യമല്ലാത്ത സ്ഥിതിയാണവിടെ.
ഓരോ കലന്‍ഡര്‍ വര്‍ഷത്തിലും ജനുവരിയാണ് ആദ്യം പിറക്കുകയും പാറിപ്പോകുകയും ചെയ്യുക എന്നത് അത്ഭുതകരമായ ഒരറിവേ അല്ല. എന്നാല്‍; മാറിക്കൊണ്ടേയിരിക്കുന്ന, ഓരോ നിമിഷവും ഇനിയെന്ത് എന്ന് വേവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്ന ഇന്ത്യയിലെ ജനുവരി രണ്ട് അക്കദിനങ്ങള്‍ കൊണ്ടാണ് നമ്മെ ചിന്തിപ്പിക്കുകയും പിറകിലേക്കും മുന്നിലേക്കും നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. ആദ്യത്തേത് ഇരുപത്താറാണെങ്കില്‍ രണ്ടാമത്തേത് മുപ്പതാം തീയതിയാണ്.
ജനുവരി 26നാണ് ഇന്ത്യന്‍ റിപബ്ലിക് പിറന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം റിപബ്ലിക് സ്ഥാപിക്കപ്പെടുന്നതിനു മുമ്പുള്ള ഇടവേളയില്‍; അതായത് നാല്‍പ്പത്തേഴിനും അമ്പതിനുമിടയില്‍, ഭാവി ഇന്ത്യയെ സംബന്ധിച്ച പ്രത്യാശകളിലും സ്വപ്നങ്ങളിലുമാണ് പുരോഗമനവാദികളും രാജ്യസ്‌നേഹികളും ജനാധിപത്യമനസ്‌കരും മുഴുകിയിരുന്നതെങ്കില്‍ അവരുടെ ദിശാബോധത്തിനു വിപരീതമായി നീങ്ങിയവരും ഇന്ത്യയിലുണ്ടായിരുന്നു. റിപബ്ലിക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് തന്നെ തങ്ങളുടെ അഭിപ്രായത്തിന്റെ ഒരു അടയാളം ഇന്ത്യക്കു മേലും ഇന്ത്യക്കാര്‍ക്കു മേലും ചാര്‍ത്താന്‍ അവരുദ്ദേശിച്ചിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. അതാണ് നാല്‍പ്പത്തൊമ്പതിലെ നിഷ്ഠൂരമായ ഗാന്ധിവധം.
ഗാന്ധിയെ അവസാനിപ്പിക്കാന്‍ ചിലര്‍ തീരുമാനിച്ചു. ആരാണവര്‍? ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരുന്നതിനു മുമ്പ്, അങ്ങനെ ഗാന്ധി അവസാനിച്ചോ എന്നും കൊലയാളികളോട് യോജിക്കാത്തവര്‍ ഗാന്ധിയിലേക്ക് എങ്ങനെയാണ് നടക്കുന്നതെന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ മലയാളത്തിലിറങ്ങിയ വിസ്മയകരമായ നോവലാണ് വിനോദ് കൃഷ്ണയുടെ നെയന്‍ എം എം ബെരേറ്റ. മൂന്നാം പതിപ്പിന്റെ ഇരുപത്തഞ്ചാം പേജില്‍, ഇന്ത്യയിലെ കറന്‍സി നോട്ടുകളിലൊന്നില്‍ കണ്ട വൃദ്ധ പിതാവിന്റെ (മഹാത്മാ ഗാന്ധി) ചിത്രത്തില്‍ ശിവറാം ഗോധ്ര എന്തോ എഴുതിവെക്കുന്നുണ്ട്. ഇത് കണ്ട് അയാളുടെ പങ്കാളി വിമല്‍ വന്‍സാര പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ‘നമ്മുടെ രാജ്യം ക്യാഷ്്‌ലസ്സ് ഇക്കോണമി ആയാലുള്ള പ്രധാന ഗുണം എന്താണെന്നറിയാമോ?’, ‘പാവം മഹാത്മാവിനെ ദിവസവും ചുമന്ന് നടക്കേണ്ടി വരില്ല’, ഉത്തരവും അയാള്‍ തന്നെ പറഞ്ഞ് ചിരിച്ചു.
സാങ്കേതികവും ജ്ഞാനപരവും മറ്റും മറ്റുമായ വികസനത്തുടര്‍ച്ചകളിലൂടെ ഇന്ത്യ വളരുമ്പോള്‍, ഏറ്റവും ദരിദ്രനാ(യാ)യ പൗരന് അല്ലെങ്കില്‍ പൗരിയ്ക്ക് അതുകൊണ്ട് ഗുണം ലഭിക്കുന്നുണ്ടോ എന്നാണ് നാം ആലോചിക്കേണ്ടത് എന്നായിരുന്നു മഹാത്മാവ് ഓര്‍മിപ്പിച്ചിരുന്നത്. എന്നാലിവിടെ അദ്ദേഹത്തെയും അദ്ദേഹം മുന്നോട്ടു വെച്ച അഹിംസ അടക്കമുള്ള രാഷ്ട്ര സങ്കല്‍പ്പങ്ങളെയും നിഷേധിക്കുന്നവര്‍ വീണ്ടും വീണ്ടും അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഈ ഡിജിറ്റല്‍ മുന്നേറ്റങ്ങളും പ്രയോജനപ്പെടും എന്നാഹ്ലാദിക്കുകയാണ് ചെയ്യുന്നത്. അഹിംസ, സര്‍വമതസ്‌നേഹം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിങ്ങനെ പുതിയ ഇന്ത്യയും ഇന്ത്യക്കാരും എങ്ങനെയായിരിക്കണമെന്ന് മഹാത്മാ ഗാന്ധി കരുതിയിരുന്നതു പോലെ ആകാതിരിക്കാന്‍ വേണ്ടി കൂടിയാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്.
കറന്‍സി നോട്ടുകളില്‍ നിന്ന് ഇതുവരെയും ഗാന്ധി അപ്രത്യക്ഷനായിട്ടില്ലെങ്കിലും അദ്ദേഹത്തെ തൊട്ടുകൊണ്ട് മാത്രം നിര്‍വഹിക്കാമായിരുന്ന പണമിടപാടുകള്‍ അല്ലാതെയും സാധ്യമായിക്കഴിഞ്ഞ ഇക്കാലത്തും പക്ഷേ നാം പുറത്തിറങ്ങിയാല്‍ മിക്കയിടത്തും ഗാന്ധിയുടെ ചിത്രങ്ങളും പടങ്ങളും പേരും കണ്ടുകൊണ്ടേ ഇരിക്കുന്നുണ്ട്. മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ഗാന്ധിയുടെ പേരില്‍ ഒരു റോഡുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പ്രതിമകളും എല്ലായിടത്തുമുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ പോലും ഇടപാടുകാരന്‍ പ്രധാനമാണെന്ന് ഗാന്ധി പറഞ്ഞ വാചകങ്ങള്‍ കെട്ടിത്തൂക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലകളും കലാലയങ്ങളും വിദ്യാലയങ്ങളും ഗ്രന്ഥാലയങ്ങളും മറ്റും മറ്റും എല്ലായിടത്തുമുണ്ട്.
പക്ഷേ, ഇതായിരുന്നുവോ ഗാന്ധി ആഗ്രഹിച്ചത്? തന്റെ ചിത്രങ്ങള്‍, പ്രതിമകള്‍, നിരത്തുകള്‍, കസാരകള്‍, വാതിലുകള്‍, ജനാലകള്‍, മുഖം മൂടികള്‍, ആവരണങ്ങള്‍, ഇരട്ടത്താപ്പുകള്‍… അങ്ങനെ അങ്ങനെ പലതുമിവിടെ ഉണ്ട്. സത്യത്തില്‍, ഗാന്ധിക്കു നേരേ വെടിയുതിര്‍ക്കാനായി ഘാതകര്‍ ഗ്വാളിയോറില്‍ നിന്ന് സംഘടിപ്പിച്ച ഒമ്പത് എം എം ബെരേറ്റ എന്ന സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എന്ന യാഥാര്‍ഥ്യം പോലും ഇപ്പോള്‍ കാണാവുന്ന വിധത്തില്‍ ശേഷിക്കുന്നില്ല. ദില്ലിയിലെ നാഷനല്‍ ഗാന്ധി മ്യൂസിയത്തില്‍ നിന്ന് 1997ല്‍ അതെടുത്ത് മാറ്റിയിരിക്കുന്നു!
ഗാന്ധിയുടെ വിശ്വാസങ്ങള്‍, ദര്‍ശനങ്ങള്‍ അവ എന്താണെന്നും അവയോട് നമുക്ക് നീതി പുലര്‍ത്താനാകുമോ എന്നുമാണ് വാസ്തവത്തില്‍ നാം അന്വേഷിക്കേണ്ടത്. വിഭജനത്തിലൂടെയും ചോരച്ചാലിലൂടെയും പിറന്ന നവ ഇന്ത്യയുടെ കണ്ണീരിലായിരുന്നു താന്‍ കണ്ട ഒരേ ഒരു സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധി. നമുക്കിത്രയും കാലം കൊണ്ട് അക്രമം അവസാനിപ്പിക്കാനായോ? വിഭജനത്തിന്റെ മുറിവുകളെങ്കിലും ഉണക്കാനായോ? പല പല വര്‍ഗീയാതിക്രമങ്ങളും ലഹളകളും വംശഹത്യകളും സ്വതന്ത്ര ഇന്ത്യ അനുഭവിച്ചുകഴിഞ്ഞു. മണിപ്പൂരില്‍ വിവിധ ഗോത്രങ്ങളിലും മതങ്ങളിലും പെട്ടവര്‍ പരസ്പരം വെട്ടിക്കൊല്ലുന്നു. അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ പോലും സാധ്യമല്ലാത്ത സ്ഥിതിയാണവിടെ. വെറുപ്പും പരസ്പര വിദ്വേഷവും അപരരെ തുടച്ചുനീക്കലുമായി ഇന്ത്യന്‍ സമൂഹങ്ങള്‍ കീറിമുറിക്കപ്പെടുന്നു.
വിദേശത്തും ഇന്ത്യയിലും ആസ്ഥാനങ്ങളുള്ള കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിത്തീരുകയും ചെയ്യുന്നു. മാധ്യമങ്ങളാകട്ടെ, ഗോസിപ്പുകളിലും കേന്ദ്ര ഭരണകൂടത്തെ പുകഴ്ത്തുന്നതിലും അഭിരമിക്കുന്നു. ഗാന്ധിയുടെ ദര്‍ശനങ്ങളും രാഷ്ട്രത്തെ സംബന്ധിച്ച ദിശാബോധവും ആത്മാര്‍ഥതയോടെ നടപ്പാക്കാന്‍ പരിശ്രമിക്കുന്നവര്‍ എവിടെയെങ്കിലുമുണ്ടോ എന്ന് പോലുമറിയാത്ത വിധമാണ് രാജ്യത്തിന്റെ പോക്ക്.
ഈ ജനുവരിയില്‍ മറ്റൊരു കാര്യം കൂടി ഇന്ത്യയില്‍ സംഭവിച്ചു. 1992 ഡിസംബര്‍ ആറിന് തകര്‍ത്ത ബാബരിപ്പള്ളിയുടെ സ്ഥാനത്ത് പുതിയ ക്ഷേത്രം കെട്ടിയുയര്‍ത്തുകയും അവിടെ രാമന്റെ വിഗ്രഹം പ്രധാനമന്ത്രി തന്നെ മുഖ്യകാര്‍മികനായി പ്രതിഷ്ഠിക്കുകയും ചെയ്തു. കവി സച്ചിദാനന്ദന്‍ ഇതിനോട് പ്രതികരിക്കുന്നതിങ്ങനെ:
അലയുന്നിന്നും കാട്ടി-
ലെന്‍ രാമന്‍, ഈ ഭക്തരെ
ഭയന്നും, മരങ്ങളോ-
ടഭയമഭ്യര്‍ത്ഥിച്ചും
സരയൂനദിയിലെ
ജഡങ്ങളഴുകിടും
പുലരി കാണേണ്ടെന്നു
മിഴി പൂട്ടിയും, നാളെ-
പ്പുലരും സ്വാതന്ത്ര്യത്തെ,
നീതിയെ, സ്സമത്വത്തെ-
യകമേ സ്വപ്നം കണ്ടും
ശരണാര്‍ഥിയാമേകന്‍
(പ്രതിഷ്ഠ/ദേശാഭിമാനി വാരിക, 4 ഫെബ്രുവരി 2024)
ഗാന്ധിയുടെ ഏറ്റവും വലിയ പരീക്ഷണങ്ങള്‍ സത്യവുമായുള്ള മുഖാമുഖങ്ങളായിരുന്നു. ആ പരീക്ഷണത്തിന്റെ തീവ്ര പാഠങ്ങള്‍ തന്നെയാണ് നമുക്ക് മുന്നിലുള്ളത്. ഒരു പക്ഷേ, ചുറ്റുമുള്ള എല്ലാവരോടും മുഴുവന്‍ ലോകത്തോടും നമുക്ക് നുണകള്‍, കള്ളങ്ങള്‍, അവാസ്തവങ്ങള്‍, വളച്ചൊടിക്കലുകള്‍ പറയാനാകും. എന്നാല്‍, നമ്മുടെ തന്നെ മനസ്സാക്ഷിയോട് ഒരു മനുഷ്യന് സത്യസന്ധമായിരിക്കേണ്ടേ? അങ്ങനെയല്ലാതെ ഇരിക്കുന്ന ഒരാള്‍ മനുഷ്യനാണോ എന്ന് പോലും സംശയമാണ്. മനുഷ്യര്‍ തിരിച്ചുവരിക തന്നെ ചെയ്യും. സത്യത്തിന്റെ വിജയവും സമാധാനരാഷ്ട്രത്തിന്റെ സ്ഥാപനവും അപ്പോഴാകും സാധിതമാകുക.