Kerala
ഫോണ്‍ സംഭാഷണം പുറത്ത്; പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത്ദാസ് അവധിയില്‍ പ്രവേശിച്ചു
സംഭവത്തെ തുടര്‍ന്ന് ഡി ജി പിയെ കാണാന്‍ ഇദ്ദേഹം ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പറയുന്നു
പത്തനംതിട്ട | മലപ്പുറം എസ് പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ മുറിച്ചതിന്റെ പേരില്‍ വിവാദത്തിലായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത്ദാസ് അവധിയില്‍ പ്രവേശിച്ചു. ഇന്ന് മുതല്‍ മൂന്നുദിവസത്തെ അവധിയാണ് അദ്ദേഹം എടുത്തിരിക്കുന്നത്. സുജിത് ദാസ് മലപ്പുറം എസ് പി ആയിരിക്കെ നടന്ന മരംമുറിയെ തുടര്‍ന്നുണ്ടായ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് പി വി അന്‍വര്‍ എം എല്‍ എയുമായി നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
സംഭാഷണത്തില്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിനെയും മലപ്പുറം, തൃശൂര്‍ എസ് പിമാരെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെക്കുറിച്ചു പരാമര്‍ശം വന്നതോടെ ഇതു സംബന്ധിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എസ് പി അവധിയില്‍ പോയത്. സംഭവത്തെ തുടര്‍ന്ന് ഡി ജി പിയെ കാണാന്‍ ഇദ്ദേഹം ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് പറയുന്നു. ഓഗസ്റ്റ് 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. മലപ്പുറം എസ് പി ഓഫീസില്‍ പി വി അന്‍വര്‍ നല്‍കിയ പരാതി തനിക്ക് എതിരാകുമെന്നതിനാല്‍ പിന്‍വലിക്കണമെന്നായിരുന്നു എസ് പിയുടെ ആവശ്യം. ഒരു തേക്കും മഹാഗണിയുമാണ് മലപ്പുറം എസ് പി ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് മുറിച്ചു കടത്തിയതായ ആക്ഷേപമുള്ളത്.