Kerala
ഇതര സംസ്ഥാനക്കാരിയായ അമ്മ ആശുപത്രിയില്‍; കുഞ്ഞിനായി പോലീസ് യൂണിഫോമില്‍ മാതൃത്വം ഉണര്‍ന്നു
ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു
കൊച്ചി | ഇതര സംസ്ഥാനക്കാരിയായ അമ്മ ആശുപത്രിയിലായതോടെ നോക്കാന്‍ ആളില്ലാതായ കുഞ്ഞുങ്ങള്‍ക്ക് താങ്ങായി വനിതാ പോലീസ്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയെപ്പോലെ മുലയൂട്ടി പരിചരിച്ച വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കേരളത്തിന്റെയാകെ പ്രശംസ ഏറ്റുവാങ്ങി. പോലീസ് യൂണിഫോമിലെ മാതൃത്വത്തെ പ്രശംസിച്ചു മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.
ചികിത്സയില്‍ കഴിയുന്ന പാട്‌ന സ്വദേശി അഞ്ജനയ്ക്കു നാലു കുഞ്ഞുങ്ങളെ ഏല്‍പ്പിക്കാന്‍ ആളില്ലാതെ വന്നതോടെയാണ് കൊച്ചി വനിതാ സിറ്റി പോലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ ഉദ്യോഗസ്ഥര്‍ കുഞ്ഞുങ്ങളുടെ പരിചരണം ഏറ്റെടുത്തു.
നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ എന്തുണ്ടു വഴി എന്ന് ആശങ്കപ്പെട്ടപ്പോഴാണു കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥ ഈ ദൗത്യം ഏറ്റെടുത്തത്. കുട്ടികളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി.
ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു: എറണാകുളത്ത് നിന്നൊരു സ്‌നേഹ വാര്‍ത്ത. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐ സി യുവില്‍ അഡ്മിറ്റായ പറ്റ്‌ന സ്വദേശിയുടെ നാലു കുട്ടികളെ നോക്കാന്‍ ആരും ഇല്ലാത്തതിനാല്‍ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
മറ്റു മൂന്നു കുട്ടികള്‍ക്കും ആഹാരം വാങ്ങി നല്‍കിയപ്പോള്‍ നാലു മാസം പ്രായമായ കുഞ്ഞിന് എന്ത് നല്‍കും എന്നതായി ചിന്ത. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്‌നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോള്‍ ഒരു സ്‌നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്.