National
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ

ന്യൂഡൽഹി | കാലം ചെയ്ത കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ. കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സിനുടമയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചന സന്ദേശം. പ്രമുഖരുടെ അനുശോചന സന്ദേശങ്ങളിലൂടെ
നരേന്ദ്ര മോദി (പ്രധാനമന്ത്രി)
കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. ഈ വേളയിൽ, ആഗോള കത്തോലിക്കാ സമൂഹത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. മാർപാപ്പയെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും എപ്പോഴും ഓർമിക്കും.
രാഹുൽ ഗാന്ധി (ലോക്സഭാ പ്രതിപക്ഷ നേതാവ്)
കാരുണ്യത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു. സ്നേഹത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എൻ്റെ ചിന്തകൾ.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ (ഇന്ത്യൻ ഗ്രാൻഡ് മുഫ്തി)
പിണറായി വിജയൻ (മുഖ്യമന്ത്രി)
മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റേത്. ഫലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.
വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്)
വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാർപാപ്പയാണ് അദ്ദേഹം. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം ഫ്രാൻസിസ് മാർപാപ്പ നയിച്ചു.