Kerala
കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ 300ലധികം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും; രോഗം പടര്‍ന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം
ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
കൊച്ചി|കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും. രോഗം പടര്‍ന്നത് കുടിവെള്ളത്തിലൂടെയാണെന്നാണ് സംശയം. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകും. രോഗബാധയുടെ കാരണം വ്യക്തമാകാന്‍ ആരോഗ്യ വകുപ്പ് സാമ്പിളായി ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ പരിശോധന ഫലം വരണം.
ഫ്‌ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്‌ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
കഴിഞ്ഞാഴ്ച മുതലാണ് ഫ്‌ലാറ്റില്‍ പ്രശ്നം ആരംഭിച്ചത്. രോഗബാധയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്‌ലാറ്റില്‍ 5000ത്തില്‍ അധികം ആളുകളാണ് താമസിക്കുന്നത്.